കാഠ്മണ്ഡു: കിഴക്കൻ നേപ്പാളിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് മെക്സിക്കൻ കുടുംബത്തിലെ അഞ്ചു പേരും പൈലറ്റും മരിച്ചു.
എവറസ്റ്റ് കൊടുമുടിക്കു സമീപമാണ് കോപ്റ്റർ തകർന്നത്. സുർകെ വിമാനത്താവളത്തിൽനിന്ന് ഇന്നലെ രാവിലെ 10.04ന് പറന്നുയർന്ന് ഒന്പതു മിനിറ്റിനകം എൻഎ-എംവി ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടമായി.
ഈ സമയം 12,000 അടി മുകളിലായിരുന്നു ഹെലികോപ്റ്റർ. ലിഖുപികെ റൂറൽ മുനിസിപ്പാലിറ്റിയിലെ പർവതമേഖലയിലാണു ഹെലികോപ്റ്റർ തകർന്നുവീണത്.
ആറു മൃതദേഹങ്ങളും അപകടസ്ഥലത്തുനിന്നു കണ്ടെടുത്തു. അപകടമുണ്ടായ ഉടൻ പ്രദേശവാസികളും ലോക്കൽ പോലീസും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ടു ഹെലികോപ്റ്ററുകൾക്ക് മോശം കാലാവസ്ഥയെത്തുടർന്ന് അപകടസ്ഥലത്ത് ഇറങ്ങാനായില്ല.
തുടർന്ന് സമീപത്തുള്ള സ്ഥലത്താണ് ഹെലികോപ്റ്ററുകൾ ഇറങ്ങിയത്. പർവതമേഖലയിലൂടെയുള്ള പറക്കൽ ആസ്വദിച്ചശേഷം കാഠ്മണ്ഡുവിലേക്കു മടങ്ങുകയായിരുന്നു വിനോദസഞ്ചാരസംഘം.
ക്യാപ്റ്റൻ ചേത്ബഹാദൂർ ഗുരുംഗ് ആണ് അപകടത്തിൽ മരിച്ച പൈലറ്റ്. മെക്സിക്കൻ സംഘത്തിൽ തൊണ്ണൂറിനുമേൽ പ്രായമുള്ള രണ്ടു പുരുഷന്മാരും മൂന്നു സ്ത്രീകളുമാണുണ്ടായിരുന്നത്. മനാംഗ് എയറിന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
മുന്പ് ഒരു അപകടത്തിൽനിന്നു രക്ഷപ്പെട്ട ചരിത്രമുള്ള ക്യാപ്റ്റൻ ഗുരുംഗ് 7000 മണിക്കൂർ ഹെലികോപ്റ്റർ പറത്തിയിട്ടുണ്ട്.