കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റിലും വൻ ഭൂചലനം. ഉത്തരേന്ത്യയിലും ചൈനയുടെയും ബംഗ്ലാദേശിന്റെയും ചില ഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കായി ടിബറ്റ് അതിർത്തിക്കടുത്താണു പ്രഭവകേന്ദ്രം. ഇന്ത്യൻ സമയം ഇന്നു രാവിലെ 6.35നാണ് ഭൂചലനം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.
കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഉത്തരേന്ത്യയിൽ ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി. ആളുകൾ ഭയന്ന് വീടുകൾക്കും അപ്പാർട്ടുമെന്റുകൾക്കും പുറത്തിറങ്ങി. വലിയ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.47ന് അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നേപ്പാളിലും ഭൂചലനം ഉണ്ടായത്. മുൻപ് ശക്തമായ ഭൂചലനമുണ്ടായിട്ടുള്ള രാജ്യമാണു നേപ്പാൾ. 2005ലുണ്ടായ ഭൂചലനത്തിൽ പതിനായിരത്തിലധികം പേർക്കു ജീവൻ നഷ്ടമായിയിരുന്നു.