കാഠ്മണ്ഡു: നേപ്പാളിൽ വിനോദസഞ്ചാരത്തിന് പോയ എട്ടു മലയാളികൾ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നിൽ കാർബണ്‍ മോണോക്സൈഡ് എന്ന നിശബ്ദ കൊലയാളി.
തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രവീണ്‍കുമാർ, ഭാര്യ ശരണ്യ മക്കളായ അഭിനവ് സൂര്യ കോഴിക്കോട് സ്വദേശികളായ രഞ്ജിത് കുമാർ, ഭാര്യ ഇന്ദു, മകൻ വൈഷ്ണവ് എന്നിവരുടെ മരണത്തിനു കാരണമായത് ഇവർ താമസിച്ച മുറിയിലെ ഹീറ്ററിൽനിന്നു പുറത്തു വന്ന കാർബണ്‍ മോണോക്സൈഡ് മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
കൊടും തണുപ്പായിരുന്നതിനാൽ ഇവർ താമസിച്ച റിസോർട്ടിലെ എല്ലാ മുറികളിലും ഹീറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ഹീറ്ററിന്റെ തകരാറു മൂലം കാർബണ്‍ മോണോക്സൈഡ് ലീക്ക് ചെയ്തതതാണ് മരണകാരണമെന്നു കരുതുന്നു.
പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന ഹീറ്ററുകളിലെ താപപ്രവർത്തനങ്ങളുടെ ഏറ്റക്കുറച്ചിൽ മൂലം ഉണ്ടാകുന്ന വാതകമാണ് കാർബണ്‍ മോണോക്സൈഡ്.
ഇതിന് മണമോ നിറമോ ഇല്ലാത്തതിനാൽ ഏറെ അപകടകാരിയാകുന്നു. നമ്മൾ അറിയാതെ തന്നെ ഇത് ശ്വാസകോശത്തിൽ പ്രവേശിക്കുകയും ഉടൻ തന്നെ രക്തത്തിൽ കലരുകയും ചെയ്യും. ഇതിലൂടെയാണ് മരണം സംഭവിക്കുന്നത്.
കാർബണ്‍ മോണോക്സൈഡ് രക്തത്തിൽ കലർന്നാൽ ശരീരത്തിലെ ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശ്വസിക്കുന്നയാൾ അബോധാവസ്ഥയിലേയ്ക്കു പോവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു.
അടച്ചിട്ട മുറിയിലാണ് കാർബണ്‍ മോണോക്സൈഡ് ലീക്കാവുന്നതെങ്കിൽ രക്ഷപെടാനുള്ള സാധ്യത വളരെ കുറവാണ്. ഉറക്കത്തിനിടയിലാണ് ലീക്ക് സംഭവിക്കുന്നതെങ്കിൽ വളരെ നിശബ്ദമായി മരണത്തിലേക്ക് പോവുകയാണ് ചെയ്യുന്നത്.