കാടുകുറ്റി: കൊറോണ വൈറസിന്റെ വ്യാപനത്തിൽ ദുരിതം പേറുകയാണ് കാടുകുറ്റി പഞ്ചായത്തിലെ കാതിക്കുടത്തു താമസിക്കുന്ന നേപ്പാളി കുടുംബങ്ങൾ.
തോട്ടത്തിക്കടവ് ലിഫ്ട് ഇറിഗേഷൻ പന്പ് ഹൗസിനോടു ചേർന്ന വളപ്പിൽ വർഷങ്ങൾക്കു മുന്‍പ് ചേക്കേറിയ 22 നേപ്പാളി കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇവർക്കു പുറമെ നേപ്പാളിൽ നിന്നും ജോലിക്കായെത്തിയ ധാരാളം യുവാക്കളും താത്കാലിക ഷെൽട്ടറുകളിൽ താമസിക്കുന്നുണ്ട്.
നാട് ലോക്ക് ഡൗണായപ്പോൾ ഇവിടെ താമസിക്കുന്ന നേപ്പാളികളാണ്. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ഇവർക്ക് ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ കരുതൽ ശേഖരമില്ല. അപ്രതീക്ഷിതമായി വന്നെത്തിയ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിൽ കൈയിൽ പണമില്ലാത്തത് ഇവരിൽ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ പ്രാബല്യത്തിൽ വന്നതോടെ കൂലിവേലക്ക് പോകുവാനാകാതെ സ്വന്തം താമസസ്ഥലങ്ങളിൽ ഇവർ കുടുംബത്തോടൊപ്പം കഴിയുകയാണ്. കൈ കുഞ്ഞുങ്ങളും, കുട്ടികളും ഇവരോടൊപ്പമുണ്ട്. മൂന്നു ആഴ്ചക്കാലം പണിയില്ലാതാകുന്നതോടെ ഭക്ഷണമടക്കമുള്ള ദൈനംദിന ചെലവുകൾ തള്ളി നീക്കാൻ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുക യാണ് ഇവർ.
കഴിഞ്ഞ വർഷങ്ങളിലുണ്ടായ ജലപ്രളയത്തിലും ഇവരുടെ താമസസ്ഥലങ്ങളിൽ വെള്ളം കയറി ഏറെ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അന്ന് ഗ്രാമപഞ്ചായത്തും സന്നദ്ധ സംഘടനകളും മറ്റും ചേർന്ന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലാക്കിയിരുന്നു. നിസഹായസ്ഥയിൽ കഴിയുന്ന ഇവർക്ക് സന്നദ്ധ പ്രവർത്തകരുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങൾ.