കാഠ്മണ്ഡു: ഇന്ത്യയിൽനിന്നു നേപ്പാളിലേക്കു സഞ്ചരിക്കുകയായിരുന്ന ബസ് മാർസ്യാംഗ്ദി നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ 41പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലക്കാരാണു മരിച്ചവരിലേറെയും. നേപ്പാളിലെ തനാഹുൻ ജില്ലയിലെ ഐനപഹാരയിൽ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. 43 യാത്രക്കാരാണു ബസിലുണ്ടായിരുന്നത്. എന്നാൽ അതിൽക്കൂടുതൽ യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മരണവിവരം സ്ഥിരീകരിച്ചു. ഗോരഖ്പുരിൽനിന്നു കാഠ്മണ്ഡുവിലേക്കു പൊഖാറ വഴി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ളതാണ് ബസ്.
ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം വിനോദസഞ്ചാരികളുടെ മൃതദേഹം ഇന്നു നാസിക്കിലെത്തിക്കുമെന്നും മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്കു കൈമാറുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.