കാഠ്മണ്ഡു: നേപ്പാളി പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ (പ്രചണ്ഡ) വിശ്വാസവോട്ടിൽ പരാജയപ്പെട്ടു.ഇന്നലെ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 69 പേർ മാത്രമാണ് അദ്ദേഹത്തെ പിന്തുണച്ചത്. 275 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് 138 പേരുടെ പിന്തുണ വേണമായിരുന്നു.
2022 ഡിസംബർ 25ന് അധികാരമേറ്റ പ്രചണ്ഡ മുന്പ് നാലുവട്ടം വിശ്വാസവോട്ടിനെ അതിജീവിച്ചിരുന്നു. മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലി നേതൃത്വം നല്കുന്ന സിപിഎൻ-യുഎംഎൽ പ്രചണ്ഡയുടെ പാർട്ടിക്കുള്ള പിന്തുണ കഴിഞ്ഞയാഴ്ച പിൻവലിച്ചതാണ് ഇപ്പോഴത്തെ പരാജയത്തിനു കാരണം.
ശർമ ഒലി നേപ്പാളി കോൺഗ്രസ് പാർട്ടിയുമായി ധാരണയുണ്ടാക്കിയിട്ടുണ്ട്. അടുത്ത പ്രധാനമന്ത്രി ശർമ ഒലി ആയിരിക്കുമെന്ന് നേപ്പാളി കോൺഗ്രസ് പ്രസിഡന്റ് ഷേർ ബഹാദൂർ ദൂബേ വ്യക്തമാക്കി.