കുന്നമംഗലം (കോഴിക്കോട്) : നേപ്പാളില്‍ വിഷ വാതകം ശ്വസിച്ചു ശ്വാസം മുട്ടി മരിച്ച രഞ്ജിത്ത് കുമാറിനും കുടുംബത്തിനും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി .
മൃതദേഹം എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പേ തന്നെ അവസാനമായി ഒരു നോക്കു കാണുവാന്‍ ഗ്രാമം മുഴുവന്‍ രഞ്ജിത്തിന്റെ കുന്നമംഗലത്തെ വസതിയിലേക്കും ഭാര്യ ഇന്ദുലക്ഷ്മിയുടെ വസതിയിലേക്കും എത്തിയിരുന്നു.
കുന്നമംഗലം തളിക്കുണ്ട് പുനത്തില്‍ രഞ്ജിത്ത് കുമാര്‍, ഭാര്യ ഇന്ദു ലക്ഷ്മി, മകന് രണ്ടു വയസുകാരന് വൈഷ്ണവ് എന്നിവരുടെ മൃതദേഹം ഡല്‍ഹിയില്‍ നിന്നും ഇന്നലെ ഉച്ചയോടെയാണ് കരിപ്പൂരിലെത്തിച്ചത്. തുടര്‍ന്ന് മൃതദേഹം ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഏറ്റുവാങ്ങി.
എം.കെ. രാഘവന് എംപി യും മന്ത്രി എ.കെ. ശശീന്ദ്രനും വിമാനത്താവളത്തില്‍ എത്തിയിരുന്നു. പിന്നീട് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച് ക്രമീകരണം നടത്തിയതിന് ശേഷമാണ് ഇന്ദു ലക്ഷ്മിയുടെ തറവാടായ മൊകവൂരിലെത്തിച്ചത്.
ഇവിടെ രഞ്ജിത്ത് നിര്‍മിക്കുന്ന പുതിയ വീടിന്റെ മുറ്റത്തായിരുന്നു പൊതുദര്‍ശനം. മൃതദേഹങ്ങള്‍ എത്തുന്നതിന് എത്രയോ സമയം മുന്‍പ് തന്നെ ജനങ്ങള്‍ വീട്ടുമുറ്റത്ത് തിങ്ങി കൂടിയിരുന്നു. കളി ചിരിയോടെ വിനോദയാത്രയ്ക്ക് പോയ നാല് പേരില്‍ മൂന്ന് പേര് നിശ്ചലരായി എത്തിയപ്പോള്‍ പലര്‍ക്കും തേങ്ങല്‍ അടക്കാനായില്ല.
മൊകവൂരില്‍ നിന്ന് നാലുമണിയോടെ മൃതദേഹങ്ങള്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓപണ്‍ സ്റ്റേജ് പരിസരത്ത് എത്തിച്ചു. ഇവിടെ നൂറുകണക്കിനാളുകളാണ് കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. വൈകിട്ട് ആറോടെയാണ് രഞ്ജിത് കുമാറിന്റെ കുന്നമംഗലത്തെ വീട്ടുവളപ്പില്‍ സംസ്കാരം നടത്തിയത്.
രഞ്ജിത്തിനേയും ഭാര്യ ഇന്ദുവിനെയും ഒരേ ചിതയിലാണ് വച്ചത്. മകൻ വൈഷ്ണവിനെ തൊട്ടടുത്തും മറവ് ചെയ്തു. അപകടത്തിൽ രക്ഷപ്പെട്ട മൂത്ത മകൻ മാധവാണ് അന്ത്യകർമങ്ങൾ ചെയ്തത്.