ബെർലിൻ: ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഡിഎൻഎ സാന്നിധ്യമുള്ള തൊപ്പി ഹോങ്കോങ്ങിൽ ലേലം ചെയ്യുന്നു. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നെപ്പോളിയൻ ഫ്രാൻസ് ഭരിച്ചിരുന്നത്.
യുദ്ധഭൂമിയിൽ നിൽക്കുന്ന നെപ്പോളിയന്റെ ചിത്രങ്ങളിൽ കണ്ടുപരിചയിച്ച ബൈകോണ്‍ തൊപ്പിയാണ് അദ്ദേഹത്തിന്റെ ഡിഎൻഎ ഉണ്ടെന്ന് അവകാശപ്പെട്ട് ബോനംസ് കന്പനി ലേലത്തിന് വച്ചത്.
മുന്‍പും നെപ്പോളിയന്റെ തൊപ്പികൾ ലേലത്തിനു വന്നിട്ടുണ്ട്. എന്നാൽ, ചക്രവർത്തിയുടെ ഡിഎൻഎയോടുകൂടിയ തൊപ്പി ലേലത്തിനെത്തുന്നത് ആദ്യമാണെന്നും ഇവർ പറയുന്നു.
ഒക്ടോബർ 27നാണ് ലേലം നടത്തപ്പെടുന്നത്. തൊപ്പിക്ക് ഒന്നരക്കോടി രൂപവരെ ലഭിക്കുമെന്നാണ് ബോനംസ് കന്പനിയുടെ പ്രതീക്ഷ.
ജർമനിയിലെ ഒരു ചെറിയ ലേലക്കന്പനിയിൽനിന്നാണ് ഇപ്പോഴത്തെ ഉടമസ്ഥൻ നെപ്പോളിയന്റെ തൊപ്പി സ്വന്തമാക്കിയത്. ചക്രവർത്തി ഉപയോഗിച്ചിരുന്നതാണെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ല.
നെപ്പോളിയന്റെ കാലഘട്ടത്തിലേതാണ് തൊപ്പിയെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.
സൂക്ഷ്മപരിശോധനയിൽ തൊപ്പിയിൽനിന്ന് ലഭിച്ച അഞ്ച് മുടിയിഴകൾ ഇലക്ട്രോണിക് മൈക്രോസ്കോപി അടക്കമുള്ള രീതികളിലൂടെ പരിശോധിച്ചെന്നും നെപ്പോളിയന്േറതാണെന്ന് ഉറപ്പുവരുത്തിയെന്നും ബോനംസ് യൂറോപ്പ് ലേലക്കന്പനി മാനേജിംഗ് ഡയറക്ടർ സൈമണ്‍ കോട്ടിൽ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ