വിശ്വ വിഖ്യാതമായ നെപ്റ്റിയൂണ്‍ പ്രതിമയ്ക്ക് ലൈംഗികച്ചുവ ഉണ്ടെന്നാരോപിച്ച് പോസ്റ്റ് തടഞ്ഞ ഫേസ്ബുക്ക് അധികൃതര്‍ മാപ്പ് പറഞ്ഞു. ഇറ്റലിയിലെ പ്രാദേശിക ചിത്രകാരിയായ എലീസ ബാര്‍ബറ തന്റെ പേജിന്റെ മുഖചിത്രമായി നെപ്റ്റിയൂണ്‍ പ്രതിമയുടെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫേസ്ബുക്ക് അത് ബ്ലോക്ക് ചെയ്യുകയായിരുന്നു.
ശരീരം ആവശ്യമായ രീതിയില്‍ മറയ്ക്കാത്തതും ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതുമായ ചിത്രമാണിതെന്നുമായിരുന്നു ഫേസ്ബുക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ നമ്മുടെ അഭിമാനമായ ഒരു മികച്ച കലാസൃഷ്ടി എങ്ങനെ അശ്ലീലമാകുമെന്ന് ചോദിച്ചുകൊണ്ട് ബാര്‍ബറ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അത് ആളുകള്‍ ഏറ്റെടുക്കുകയും വൈറലാവുകയുമായിരുന്നു. പിന്നീട് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയ നടപടി സാങ്കേതിക പിഴവാണെന്ന് ഫേസ്ബുക്ക് അധികൃതര്‍ വാദിച്ചു. പിന്നീട് വിലക്ക് നീക്കുകയും ചെയ്തു.
അമേരിക്കയിലെ വിര്‍ജീനിയയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രതിമ പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ കലാകാരന്റെ സൃഷ്ടിയായാണ് അറിയപ്പെടുന്നത്. വരുണദേവന്റെ ഈ പ്രതിമ 1560ലാണ് സൃഷ്ടിക്കപ്പെട്ടത്. ഇറ്റലിയിലെ നവോത്ഥാനത്തിന്റെ പ്രതീകമായും ഇത് കരുതപ്പെടുന്നു.