ലക്നോ: പുതുവത്സര ദിനത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നും കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
ദുര്‍ഗേഷ് കസാന(25), ഗൗരവ് കസാന(24) എന്നിവരുടെ മൃതദേഹങ്ങളാണ് മുഖത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
ഗാസിയാബാദിലെ ടീല മോര് പോലീസ് സ്റ്റേഷന് പരിധിക്ക് കീഴിലുള്ള റിസ്റ്റാല് ഗ്രാമത്തിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിച്ച ഫാക്ടറിയുടെ മൂന്ന് ഉടമകളെ പോലീസ് തേടുകയാണ്.
ഫാക്ടറിയില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ മേഖലയില്‍ പാരിസ്ഥിതിക പ്രശ്നമുണ്ടാക്കിയിരുന്നു. കൊല്ലപ്പെട്ട യുവാക്കള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു. ഇതാണ് ഇവരെ വധിക്കാനുണ്ടായ കാരണം.
യുവാക്കളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഫാക്ടറി ഉടമകള്‍ ഒളിവില്‍പോയി.
തുടര്‍ന്ന് ബുധനാഴ്ചയാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കൃഷിയിടത്തില്‍ നിന്നും പ്രദേശവാസികള്‍ കണ്ടെത്തിയത്. ആസിഡ് ഉപയോഗിച്ചാണ് ഇവരുടെ മുഖം പൊള്ളലേല്‍പ്പിച്ചത്.
മൃതദേഹങ്ങളുമായി ജനക്കൂട്ടം പ്രതിഷേധിച്ചു. ഉന്നത പോലീസുദ്യോഗസ്ഥരെത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് ഇവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.