സുഭാഷ് ഗോപി
വൈക്കം: കോട്ടയം, ആലപ്പുഴ ജില്ലകളിലെ നേരേകടവ് – മാക്കേക്കടവ് ഭാഗങ്ങളെ ബന്ധിപ്പിച്ചു വേന്പനാട്ടുകായലിനു കുറുകെ നിർമിക്കുന്ന കായൽ പാലം പദ്ധതി അഞ്ചു വർഷമായിട്ടും കരയ്ക്കെത്തിയില്ല.
2016ൽ നിർമാണമാരംഭിച്ച പാലം വിനോദ സഞ്ചാര വികസനത്തിനുകൂടി സഹായകരമാകുന്ന വിധത്തിൽ കമനീയമായി സംസ്ഥാനത്തിനാകെ മാതൃകയാകുന്ന ഒരു നിർമിതിയാക്കുമെന്നായിരുന്നു അധികൃതരുടെ പ്രഖ്യാപനം.
കായൽ പാലം 18 മാസ കാലാവധിയിൽ പൂർത്തിയാക്കാനായിരുന്നു കരാർ.
എറണാകുളത്തെ ഗോശ്രീ പാലം നിർമിച്ച നിർമാണ കന്പനി 12 മാസത്തിനകം പാലം പൂർത്തിയാക്കി നാടിനു സമർപ്പിക്കുമെന്ന നിശ്ചയദാർഢ്യത്തോടെ ദ്രുതഗതിയിലാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിയത്.
പാലം നിർമാണം 80 ശതമാനം പൂർത്തിയായപ്പോൾ സമീപ റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കോടതിയിലെത്തിയതോടെ നിർമാണപ്രവർത്തനങ്ങൾ നിലയ്ക്കുകയായിരുന്നു.
എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരിക്കവേയാണ് വേന്പനാട്ടുകായലിലെ ഏറ്റവും വീതി കുറഞ്ഞ നേരേകടവ് – മാക്കേക്കടവ് ഭാഗങ്ങളെ ബന്ധിച്ചു പാലം നിർമിക്കണമെന്ന സ്വപ്നത്തിനു ചിറകുമുളച്ചത്.
വൈക്കത്ത് എത്തുന്പോഴൊക്കെ കായൽ പാലത്തെക്കുറിച്ച് വാചാലനാകുന്ന എ.കെ. ആന്റണി തന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കണമെന്ന കാര്യം സംസ്ഥാന ഭരണ നേതൃത്വത്തെയും പലതവണ അറിയിച്ചു.
2016 ൽ ഉമ്മൻ ചാണ്ടി സർക്കാർ ശിലാസ്ഥാപനം നടത്തി പാലം നിർമാണം ആരംഭിച്ചു. തുടർന്നു വന്ന എൽഡിഎഫ് സർക്കാരിലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും കായൽ പാലത്തിന്റ നിർമാണപ്രവർത്തനങ്ങളിൽ വളരെ താത്പര്യം കാട്ടിയിരുന്നു.
സമീപ റോഡിനായി സ്ഥലമെടുക്കുന്ന കാര്യത്തിൽ ഉണ്ടായ തർക്കം ഫലത്തിൽ രണ്ട് അവികസിത പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം അടിമുടിമാറ്റുന്ന പദ്ധതിയുടെ കടയ്ക്കൽ കത്തിവയ്ക്കുന്നത് പോലെയായി.
പാലം നിർമാണം പുനരാരംഭിക്കണമെന്ന ആവശ്യമുന്നയിച്ചു വിവിധ രാഷ്ട്രീയ പാർട്ടികൾ സമരം നടത്തിയെങ്കിലും ഒരു ദിവസത്തിലൊതുങ്ങുന്ന പ്രക്ഷോഭങ്ങൾക്ക് അധികൃതരുടെ കണ്ണു തുറപ്പിക്കാനുമായില്ല.
തുറവൂർ-പന്പ ഹൈവേയുടെ ഭാഗമായ രണ്ടാമത്തെ പാലമാണ് നേരേകടവ് – മാക്കേക്കടവ് ഫെറിയിൽ നിർമിക്കുന്നത്.
തുറവൂരിൽ ആദ്യത്തെ പാലം ഏഴു വർഷങ്ങൾക്ക് മുന്പ് പൂർത്തിയായിരുന്നു. 98 കോടി രൂപ വിനിയോഗിച്ചു 750 മീറ്റർ നീളത്തിലാണു പാലം നിർമിക്കുന്നത്.
ഉദയനാപുരം പഞ്ചായത്തിലെ മൂന്നു സർവേ നന്പറുകളിലായി 8.27ആർ സ്ഥലവും മാക്കേക്കടവിൽ എട്ട് സർവേ നന്പറുകളിലായി 12.28 ആർ സ്ഥലവുമാണ് ഏറ്റെടുക്കേണ്ടത്.
2013ലെ പുനരധിവാസ പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യമാണ് സ്ഥല ഉടമകൾ ഉന്നയിക്കുന്നത്.
നേരേകടവ് – മാക്കേക്കടവ് കായൽ പാലം ചേർത്തല – വൈക്കം നിവാസികളുടെ ചിരകാല സ്വപ്നമാണ്.
ചേർത്തല – വൈക്കം താലൂക്കുകളിലെ ഉൾപ്രദേശങ്ങളുടെ വികസന കുതിപ്പിന് സഹായകരമായ പദ്ധതി യാഥാർഥ്യമായാൽ കോട്ടയം – ആലപ്പുഴ – എറണാകുളം യാത്ര കിലോമീറ്ററുകൾ ലാഭിക്കാനാകും.
മുടങ്ങിയ പാലം നിർമാണം ഉടൻ പുനരാംഭിക്കുമെന്ന് പലതവണ ജനപ്രതിനിധികൾ പറഞ്ഞെങ്കിലും നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനായില്ല.
കായലിനു നടുവിൽ നിൽക്കുന്ന തൂണുകളിലെ കന്പികൾ തുരുന്പിച്ചു തുടങ്ങി. പാലം ഇനി എന്നു പൂർത്തിയാകുമെന്ന കാര്യത്തിൽ അധികൃതർക്കും വ്യക്തമായ മറുപടിയില്ല.
പാലം നിർമാണത്തിലെ തടസങ്ങൾ നീക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.