‘ഇമോഷണല്‍ ഫാമിലി ഡ്രാമയാണ് നേര്. ഇതില്‍ സസ്പെന്‍സും ട്വിസ്റ്റുമില്ല. സിനിമ തുടങ്ങി 10 മിനിറ്റ് കഴിയുമ്പോള്‍ ക്രൈം എന്താണെന്നും അതു ചെയ്തയാള്‍ ആരാണെന്നും അറിയാം.
ഇമോഷണല്‍ ഡ്രാമ ആഗ്രഹിച്ചു വരുന്നവര്‍ നിരാശരാവില്ല. മറിച്ച് ഇതൊരു ത്രില്ലറാണ്, ട്വിസ്റ്റുണ്ട് എന്നൊക്കെ പ്രതീക്ഷിച്ചുവരുന്നവര് നിരാശരാവും..’ – മോഹന്‍ലാല്‍ സിനിമ നേരിന്റെ സംവിധായകന് ജീത്തു ജോസഫ് രാഷ്്ട്രദീപികയോടു സംസാരിക്കുന്നു.
ശാന്തി മായാദേവി രചനാപങ്കാളിയായത്…?
ദൃശ്യം 2 ന്റെ സമയത്തു പ്ലാന്‍ ചെയ്ത പ്രോജക്ടാണു നേര്. അക്കാലത്താണ് വക്കീല്‍കൂടിയായ ശാന്തിയുമായി ഈ കഥ സംസാരിച്ചത്. കോര്‍ട്ട് റൂം ഡ്രാമ ആയതിനാല്‍ കോടതി നടപടിക്രമങ്ങളും രീതികളും അടുത്തറിയുന്ന ഒരാള്‍ എഴുതിയാല്‍ നന്നായിരിക്കുമെന്നു തോന്നി. സ്ക്രിപ്റ്റിംഗിലേക്ക് എത്താന്‍ രണ്ടു വര്‍ഷമെടുത്തു. കാരണം, ശാന്തിയും തിരക്കിലായിരുന്നു.
നമ്മുടെ നാട്ടിലുള്‍പ്പെടെ പലയിടങ്ങളിലും നടന്ന ഒരു ക്രൈമില്നിന്നാണ് ഈ സിനിമയുടെ ഐഡിയ. ആ ക്രൈമിലെ ഒരു പ്രത്യേ കതയാണ് എന്നെ ആകര്‍ഷിച്ചത്. അതില്‍നിന്നു കഥയും തിരക്കഥയുമെല്ലാം ഞങ്ങള്‍ രൂപപ്പെടുത്തുകയായിരുന്നു.
കഥ കേട്ടപ്പോള്‍ ലാല്‍ സാറിന് ഇഷ്ടപ്പെട്ടു. ഇമോഷന്‍സിനു പ്രാധാന്യമുള്ള ഒരു സിനിമ. ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ ത്രില്ലറുകളാണല്ലോ. അതില്‍നിന്ന് ഒന്നു മാറിനില്‍ക്കാം. കഥാപാത്രം കുറച്ചു വ്യത്യസ്തമാണ്. പെര്‍ഫോം ചെയ്യാനുമുണ്ട്. അതൊക്കെയാവാം അദ്ദേഹത്തെ ആകര്‍ഷിച്ചത്.
വിചാരണയിലൂടെയാണോ കഥ പറയുന്നത്…?
ഒരു ക്രൈമുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസില്‍ കോടതിയില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്ലോട്ട്. കോര്‍ട്ട് റൂം ഡ്രാമ വിരസതയുണ്ടാകാതെ ചെയ്യാനാണ് ഞങ്ങള്‍ ശ്രമിച്ചത്.
സാധാരണ കോര്‍ട്ട് റൂം സിനിമകളേക്കാള്‍ കുറച്ചുകൂടി ആധികാരികമായും റിയലിസ്റ്റിക്കായും കോടതി നടപടിക്രമങ്ങള്‍ കൃത്യമായി ഫോളോ ചെയ്ത് അവതരിപ്പിക്കുന്നു. പക്ഷേ, 100 ശതമാനം റിയല്‍ കോടതിയല്ല. കുറച്ചൊക്കെ ഡ്രാമറ്റൈസ് ചെയ്തിട്ടുണ്ട്, സിനിമാറ്റിക് ആക്കിയിട്ടുണ്ട്.
അമാനുഷികതയില്ലാതെ മോഹന്‍ലാല്‍…?
മൊത്തത്തില്‍ ഈ സിനിമയെ റിയലിസ്റ്റിക്, ഓഥന്റിക്, ഓര്‍ഗാനിക് ആയാണ് സമീപിച്ചിരിക്കുന്നത്. അപ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രവും സ്വാഭാവികമാവണമല്ലോ. അഡ്വ. വിജയമോഹന്… അതാണു കഥാപാത്രം. കുറച്ചുനാളായി ഫീല്‍ഡില്‍ ഇല്ലാത്ത ഒരു വക്കീല്‍.
അങ്ങനെ മാറിനില്ക്കുമ്പോള് ഈ കേസ് ഏറ്റെടുക്കേണ്ട ഒരു സന്ദര്‍ഭമുണ്ടാകുന്നു. വലിയ ഗ്യാപ്പിനു ശേഷം തിരിച്ചുവരുമ്പോള്‍ വിജയമോഹനുണ്ടാകുന്ന പ്രശ്നങ്ങളും അയാളുടെ സ്ട്രഗിളുമൊക്കെ സിനിമ പറയുന്നുണ്ട്. റാം, എംപുരാന് തുടങ്ങിയ സിനിമകളില്‍ താടി കണ്ടിന്യുയിറ്റിയാണ്. അതാണ് വിജയമോഹനും താടിയിലെത്തുന്നത്.
മോഹന്‍ലാല്‍ കഥാപാത്രമാകുന്നത്…?
സ്ക്രിപ്റ്റില്തന്നെ എല്ലാം ഉണ്ടാവും. കാരക്ടറും സീനും വിശദീകരിച്ചുകൊടുക്കുമ്പോള്‍ അദ്ദേഹം തന്റേതായ രീതിയില്‍ അതു പ്രസന്റ് ചെയ്യും. അതില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്നു തോന്നിയാല്‍ പറയും. ഏറെ വര്‍ഷങ്ങളുടെ അനുഭവമുള്ളതിനാല്‍ നമ്മള് പറയുമ്പോള്‍ത്തന്നെ പെട്ടെന്നു മനസിലാകും. ഇതില്‍ കോടതിയായതിനാല് വക്കീലിന്റെ മാനറിസങ്ങള്‍, കോടതിയില്‍ പ്രകടിപ്പിക്കേണ്ട ചില അടിസ്ഥാന മര്യാദകള്‍… അതൊക്കെ ശാന്തി വളരെ വ്യക്തമായി അദ്ദേഹത്തെ ധരിപ്പിച്ചു.
പ്രിയാമണി, അനശ്വര…
പെട്ടെന്നു ചെയ്യേണ്ടിവന്ന പ്രോജക്ട് ആയതിനാല്‍ നമ്മുടെ ചോയ്സിലുള്ളവരില് അപ്പോള്‍ ആരെ കിട്ടുമെന്നു നോക്കി. അതില്‍ പ്രിയാമണി അവൈലബിള്‍ ആയിരുന്നു. വക്കീല്‍വേഷം ചെയ്യാനുള്ള മികവ്, വക്കീല്‍ വേഷത്തില്‍ വരുമ്പോഴുള്ള പേഴ്സണാലിറ്റി, പെര്‍ഫോമന്‍സ്…ഇതെല്ലാം പരിഗണിച്ചാണ് സെലക്ട് ചെയ്തത്. ഇതില്‍ വളരെ പ്രധാന കഥാപാത്രമാണ് അനശ്വരയുടേത്. ആ പ്രായത്തി ലുള്ള ഒരു കുട്ടിയെ കഥയ്ക്ക് ആവശ്യമായിരുന്നു. സിദ്ധിക്കിനും വക്കീല്‍വേഷമാണ്. ഒപ്പം, ജഗദീഷും ഗണേഷ്കുമാറും പ്രധാന വേഷങ്ങളിലുണ്ട്.
സിനിമയില്‍ പലതും ഒളിപ്പിച്ചിട്ടുണ്ടെന്നു സോഷ്യല്‍ മീഡിയ…
സോഷ്യല്‍മീഡിയയില്‍ എഴുതുന്നവര്‍ എഴുതട്ടെ. കഥയെക്കുറിച്ചു പോലും പല രീതിയില്‍ വരുന്നുണ്ട്. അവര്‍ക്ക് എന്തെങ്കിലുമൊക്കെ എഴുതി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി റവന്യൂ നേടണം. അത്തര ത്തില്‍ വേറെ സിനിമകളെപ്പറ്റി വരുന്നതും ഞാന്‍ വിശ്വസിക്കാറില്ല.
മോഹന്‍ലാല്‍ -ജീത്തു കെമിസ്ട്രിയല്ലേ വിജയരഹസ്യം…?
സബ്ജക്ട് നല്ലതാകുന്നതുകൊണ്ടാണ് സിനിമകള്‍ വിജയിക്കുന്നത്. സബ്ജക് നല്ലതല്ലെങ്കില്‍ ലാല്‍ സാറും ഞാനും ഒന്നിച്ചതുകൊണ്ട് പടം ഓടില്ല. അദ്ദേഹം ഡയറക്ടേഴ്സ് ആക്ടറാണ്.
ദൃശ്യത്തെ തുടര്‍ന്നുള്ള ഓരോ സിനിമയും നന്നായി വന്നതോടെ അദ്ദേഹത്തിന് എന്നില്‍ കോണ്‍ഫിഡന്‍സ് ഉണ്ടായി. അദ്ദേഹം കുറച്ചുകൂടി ഫ്രീയായി. ഞങ്ങള്‍ തമ്മിലുള്ള കമ്യൂണിക്കേഷന്‍ ഈസിയായി. ഞാനെന്താണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹത്തിനും അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കും പെട്ടെന്നു മനസിലാകും.
റാം റിലീസ് എപ്പോള്‍…?
റാം അനിശ്ചിതാവസ്ഥയില്‍ നില്‍ക്കുകയാണ്. പ്രൊഡ്യൂസര്‍ സൈഡില്‍നിന്നുള്ള കുറച്ചു കാര്യങ്ങള്‍ ക്ലിയറായാല്‍ മാത്രമേ റാം നടക്കുകയുള്ളൂ. ഫസ്റ്റ് പാര്‍ട്ട് തന്നെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ല. അടുത്ത ഷെഡ്യൂള്‍ എന്നു തുടങ്ങും എന്നു പറയാനാവാത്ത അവസ്ഥയാണ്.
മമ്മൂട്ടി കൂടിയുള്ള ദൃശ്യം 3 സംഭവിക്കുമോ…?
ഇന്നേവരെ ഞാന്‍ അങ്ങനെയൊന്നും ചിന്തിച്ചിട്ടുപോലുമില്ല. പക്ഷേ, എന്തെങ്കിലും നല്ല ഐഡിയ കിട്ടിയാല്‍ ദൃശ്യം 3 സംഭവിക്കും. ഇപ്പോള്‍ ‘നുണക്കുഴി’യുടെ ചിത്രീകരണത്തിലാണ്. അതു ഹ്യൂമര്‍ സിനിമയാണ്.
ടി.ജി. ബൈജുനാഥ്