ജറുസലേം: ഹമാസിന്റെ പരമോന്നത നേതാവ് യഹിയ സിൻവറിന്റെ മരണം ഗാസയിലെ സംഘർഷം അസ്തമിക്കുന്നതിന്റെ തുടക്കമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യഹിയയുടെ വധിച്ചത് ലോകത്തിന് ഒരു “നല്ല ദിവസമാണ്’ എന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ മുഖ്യസൂത്രധാരന്‍ യഹിയ സിൻവർ മരിച്ചെന്നും ഇസ്രയേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാണ് സിൻവറിനെ റാഫയിൽ വധിച്ചതെന്നും നെതന്യാഹു പറഞ്ഞു. ഇത് ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെങ്കിലും സംഘർഷങ്ങൾ അവസാനിക്കുന്നതിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യഹിയ സിൻവറിനെ ഇസ്രയേൽ കൊലപ്പെടുത്തിയതിനെ ജോ ബൈഡൻ പ്രശംസിച്ചു. ഗാസ വെടിനിർത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള ഒരു പ്രധാന തടസം നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബന്ദികളെ മോചിപ്പിക്കാനും സംഘർഷം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുമുള്ള വഴി ചർച്ച ചെയ്യാനും അഭിനന്ദിക്കാനുമായി നെതന്യാഹുവുമായി ഉടൻതന്നെ സംസാരിക്കുമെന്നും ബൈഡൻ പറഞ്ഞു.
യഹിയ സിൻവർ വധിക്കപ്പെട്ടതായി ഇസ്രേലി വിദേശകാര്യമന്ത്രി കാറ്റ്സ് ആണ് സ്ഥിരീകരിച്ചത്. ഇസ്മയിൽ ഹനിയ ജൂലൈ അവസാനം ടെഹ്റാനിൽ കൊല്ലപ്പെട്ടതോടെയാണു സിൻവർ ഹമാസിന്റെ പോളിറ്റ്ബ്യൂറോ ചെയർമാനായത്. ഗാസയിലുള്ള ബന്ദികളെ പരിചയാക്കിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്നു പറയുന്നു.
ഗാസയിലെ ഖാൻ യൂനിസ് സ്വദേശിയായ സിൻവർ 22 വർഷം ഇസ്രേലി ജയിലിലായിരുന്നു. 2011ൽ ഹമാസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ഗിലാദ് ഷാലിദ് എന്ന ഇസ്രേലി സൈനികനെ വിട്ടയയ്ക്കാൻ മോചിപ്പിക്കപ്പെട്ട 1,026 പലസ്തീൻ തടവുകാരിൽ ഒരാൾ സിൻവറായിരുന്നു. സിൻവറിന്റെ മരണത്തോടെ ഹമാസിന്റെ മുതിർന്ന നേതൃനിര തുടച്ചുനീക്കപ്പെട്ടനിലയിലാണ്.