ടെൽ അവീവ്: ലെബനനിൽ നടന്ന പേജർ സ്ഫോടന പരന്പര തന്റെ അനുമതിയോടെയായിരുന്നെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ഇസ്രയേലിനെതിരേ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള. വടക്കൻ ഇസ്രയേലിനെ ലക്ഷ്യമിട്ട് 165 റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നിരവധി വാഹനങ്ങൾ കത്തിനശിച്ചു.
റോക്കറ്റാക്രമണത്തിന് പിന്നാലെയുണ്ടായ നാശനഷ്ടങ്ങളുടെ വീഡിയോ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്. റോക്കറ്റുകളിൽ ചിലതിനെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞെങ്കിലും നിരവധി റോക്കറ്റുകൾ കാർമിയൽ മേഖലയിൽ പതിച്ചു.
ഹിസ്ബുള്ളയുടെ ആക്രമണത്തിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത് തുടരുമെന്ന് ഐഡിഎഫ് വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറിൽ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനമായ പേജറുകളും വോക്കി-ടോക്കികളും ലെബനനിലുടനീളം പൊട്ടിത്തെറിച്ച് 40ഓളം പേർ കൊല്ലപ്പെടുകയും 3,000ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം, തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിന് സമീപമുള്ള ഒരു കഫേയിൽ ഇന്നലെ രാത്രി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഇതോടെ ഞായറാഴ്ച രാത്രി മുതൽ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മരിച്ചവരുടെ എണ്ണം 37 ആയി ഉയർന്നതായി പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.