ടെൽ അവീവ്: ഗാസ വെടിനിർത്തൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാഷ്ട്രീയഭാവിക്കു പ്രതിസന്ധി സൃഷ്ടിക്കുന്നു. ഹമാസുമായി യുദ്ധം തുടരണമെന്നു വാദിക്കുന്ന തീവ്രവലതുപക്ഷ ജൂയിഷ് പവർ പാർട്ടി ഇനി നെതന്യാഹു സർക്കാരിന്റെ ഭാഗമായിരിക്കില്ലെന്ന് ഇന്നലെ രാവിലെ പ്രഖ്യാപിച്ചു.
പാർട്ടി നേതാവും ദേശീയ സുരക്ഷാ വകുപ്പ് മന്ത്രിയുമായ ഇത്മാർ ബെൻ ഗവീർ, കാബിനറ്റ് മന്ത്രിമാരായ യിറ്റ്സാക് വാസർലൂഫ്, അമിച്ചായി ഏലിയാഹു എന്നിവർ രാജിവയ്ക്കുകയും ചെയ്തു. അതേസമയം, സർക്കാരിനെ വീഴ്ത്താൻ മുന്നിട്ടിറങ്ങില്ലെന്ന് ബെൻ ഗവീർ ഉറപ്പു നല്കിയിട്ടുണ്ട്.
ഇതോടെ നെതന്യാഹു സർക്കാരിന് പാർലമെന്റിലെ ഭൂരിപക്ഷം നാമമാത്രമായി. 120 അംഗ പാർലമെന്റിൽ 68 പേരാണ് നെതന്യാഹുവിനെ പിന്തുണച്ചിരുന്നത്.
ജൂയിഷ് പവർ പാർട്ടിയുടെ ആറ് അംഗങ്ങൾ പോയതോടെ പിന്തുണ 62ലേക്കു ചുരുങ്ങി. വെടിനിർത്തലിനെ എതിർക്കുന്ന ധനമന്ത്രി ബസാലേൽ സ്മോട്രിച്ച് സർക്കാരിനെ വീഴ്ത്തുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പാർട്ടിക്ക് ഏഴ് അംഗങ്ങളുണ്ട്. ഇവർ പോയാൽ സർക്കാർ വീഴും. ഗാസയിൽ ഇസ്രയേൽ അധിനിവേശം നടത്തണമെന്നും ഇടക്കാല പട്ടാളഭരണകൂടം സ്ഥാപിക്കണമെന്നും സ്മോട്രിച്ച് ആവശ്യപ്പെട്ടു.