ബര്‍ലിന്‍: അവസാന അഞ്ചു മിനിറ്റില്‍ രണ്ടു ഗോളടിച്ച് നെതര്‍ലന്‍ഡ്സ് യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍. മത്സരത്തിന്റെ ആദ്യ 20 മിനിറ്റിനുള്ളില്‍ രണ്ടു ഗോളടിച്ച് മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി ജയത്തിലേക്കെന്നു തോന്നിച്ചിടത്താണ് തിരിച്ചടിച്ച് സമനില പിടിച്ച് ഓറഞ്ചുപട കുതിച്ചത്.
ഇതോടെ ലീഗ് എയിലെ ഗ്രൂപ്പ് ഒന്നില്‍നിന്ന് ഒരു ജയം പോലുമില്ലാത്ത ജര്‍മനി ലീഗ് ബിയിലേക്കു തരംതാഴ്ത്തപ്പെട്ടു. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് രണ്ടാം സ്ഥാനവുമായി ലീഗ് എയില്‍ തുടരുകയും ചെയ്തു. നെതര്‍ലന്‍ഡ്സിനും ഫ്രാന്‍സിനും ഏഴു പോയിന്റ് വീതമായിരുന്നു. എന്നാല്‍ ഇരുടീമും തമ്മിലുള്ള മത്സരഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നെതര്‍ലന്‍ഡ്സ് സെമിയില്‍ കടന്നത്.
നെതർലൻഡ്സിനെ കൂടാതെ ഇംഗ്ലണ്ട്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് ടീമുകൾ സെമിയിലെത്തി. 90-ാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ ഡികിന്റെ തകര്‍പ്പന്‍ ക്ലോസ് റേഞ്ചറിലൂടെയാണു സന്ദര്‍ശകര്‍ സമനില പിടിച്ചത്. ഇതിനു മുമ്പ് ക്വിന്‍സി പ്രോമെസ് 85-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കിയിരുന്നു. സ്വന്തം കാണികളുടെ മുന്നിലിറങ്ങിയ ജര്‍മനിയെ ടിമോ വെര്‍ണര്‍ (9-ാം മിനിറ്റ്), ലെറോയ് സെന്‍ (19-ാം മിനിറ്റ്) എന്നിവര്‍ തുടക്കത്തിലേ മുന്നിലെത്തിച്ചു.
കഴിഞ്ഞ രണ്ടു പ്രധാന ടൂര്‍ണമെന്റുകളില്‍ യോഗ്യത നേടാതെ പോയ നെതര്‍ലന്‍ഡ്സ് പുതിയ പരിശീലകന് റൊണാള്‍ഡ് കോമന്റെ കീഴില്‍ മുന്നേറ്റത്തിന്റെ പാതയിലാണ്. ലീഗ് ബിയില്‍ ചെക് റിപ്പബ്ലിക് 1-0ന് സ്ലോവാക്യയെയും ലീഗ് സിയില്‍ നോര്‍വേ 2-0ന് സൈപ്രസിനെയും ലീഗ് ഡിയില്‍ ജോര്‍ജിയ 2-1ന് കസാഖിസ്ഥാനെയും തോല്‍പ്പിച്ചു.