കൊച്ചി: നെതര്‍ലന്‍ഡ്സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തും. ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും പര്യടനം പൂര്‍ത്തിയാക്കി നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് എത്തുക. രാജദമ്പതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം.
തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്നും റോഡ് മാര്‍ഗം 2.15ന് മട്ടാഞ്ചേരിയിലെത്തുന്ന രാജാവും സംഘവും ഡച്ച് പാലസ് സന്ദര്‍ശിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെയും മേയര്‍ സൗമിനി ജയിന്റെയും നേതൃത്വത്തില്‍ ഇവിടെ വിശിഷ്ടാതിഥികളെ സ്വീകരിക്കും. പാലസില്‍ നിന്നും കൂവപ്പാടത്തെത്തുന്ന രാജാവ് ഡച്ച് കമ്പനിയായ നെഡ്സ്പൈസിലെത്തി പ്രവര്‍ത്തനം വീക്ഷിക്കും.
വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വൈകിട്ട് 6.45ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ക്കായി മുഖ്യമന്ത്രി ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കും. നാളെ രാവിലെ 10.15ന് ആലപ്പുഴയിലെത്തുന്ന രാജാവും രാജ്ഞിയും ഹൗസ്ബോട്ട് യാത്ര ആസ്വദിക്കും. കൊച്ചിയില്‍ തിരിച്ചെത്തുന്ന രാജാവ് 12.45ന് ടാജ് മലബാറില്‍ ഡച്ച് മാധ്യമങ്ങളുമായി സംസാരിക്കും. വൈകിട്ട് 7.30ന് പ്രത്യേക വിമാനത്തില്‍ ആംസ്റ്റര്‍ഡാമിലേക്ക് മടങ്ങും.
മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയിലാണ് രാജാവിന്റെ നേതൃത്വത്തില്‍ ഉന്നതതലസംഘം കേരളത്തിലെത്തുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും ചര്‍ച്ച ചെയ്തിരുന്നു.
സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പും നെതര്‍ലാന്‍ഡ്സ് ദേശീയ ആര്‍ക്കൈവ്സും സഹകരിച്ച് കൊച്ചിയിലെ ഡച്ച് ഹെറിറ്റേജുകളും കേരളത്തിലെ ഇരുപത് മ്യൂസിയങ്ങളും വികസിപ്പിക്കുന്നത് സംബന്ധിച്ചും ധാരണയിലെത്തി. നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാം തുറമുഖത്തിന്റെ സഹകരണത്തോടെ അഴീക്കല്‍ തുറമുഖത്തിന്റെ രൂപകല്പനയ്ക്കും വികസനത്തിനുമുള്ള ധാരണയ്ക്കും രൂപമായി. നീണ്ടകരയിലും കൊടുങ്ങല്ലൂരുമുള്ള സമുദ്ര പഠനകേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചയും നടന്നു.
കേരളത്തെ പച്ചക്കറി-പുഷ്പ മേഖലയിലെ മികവുറ്റ കേന്ദ്രമാക്കി മാറ്റാനും നെതര്‍ലന്‍ഡ്സ് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഡച്ച് കമ്പനികള്‍ക്കുള്ള താല്പര്യവും മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ ഡച്ച് അധികൃതര്‍ അദ്ദേഹത്തെ അറിയിച്ചു. ഡച്ച് കമ്പനി ഭാരവാഹികള്‍, പ്രഫഷണലുകള്‍, സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന 20 അംഗ സംഘത്തിന് നേതൃത്വം നല്‍കിയാണ് ഡച്ച് രാജാവും രാജ്ഞിയും കൊച്ചിയിലെത്തുന്നത്. നെതര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണിയും രാജാവിനെ അനുഗമിക്കുന്നുണ്ട്.