കണ്ണൂർ: കേരളത്തിലെ ട്രെയിനുകൾക്കൊ പൊട്ടിപ്പൊളിഞ്ഞ ട്രെയിനുകൾ മതിയെന്ന റെയിൽവേയുടെ നിലപാട് തുടരുന്നു. ഇന്നലെ തിരുവനന്തപുരത്ത് നിന്നും കുർളയിലേക്കുള്ള നേത്രാവതി എക്സ്പ്രസിലാണ് സർവീസിൽ നിന്നും ഒഴിവാക്കേണ്ട കോച്ചുകൾ റിസർവേഷൻ കോച്ചുകളാക്കി മാറ്റി റെയിൽവേ യാത്രക്കാരെ ഞെട്ടിച്ചത്.
പൊട്ടിപ്പൊളിഞ്ഞ സീറ്റുകളും തകർന്ന മേൽക്കൂരയും പ്രവർത്തിക്കാത്ത ഫാനുകളുമായിട്ടായിരുന്നു തിരുവനന്തപുരത്തു നിന്നും ട്രെയിൻ യാത്ര തുടർന്നത്. നേത്രാവതിയിലെ എസ് -9 എന്ന കോച്ചാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.
എറണാകുളത്തും കോഴിക്കോടും നിർത്തിയപ്പോൾ യാത്രക്കാർ ബഹളം വച്ചതിനെ തുടർന്നാണ് ചില കോച്ചുകളിലെ ഫാനുകൾ പ്രവർത്തിച്ചു തുടങ്ങിയത്.
ആവശ്യത്തിന് കോച്ചുകൾ ഇല്ലാത്തതും ചില ദീർഘദൂര ട്രെയിനുകൾ വൈകിയതും കാരണം തിരുവനന്തപുരം സെൻട്രലിൽ നിന്നു പുറപ്പെട്ട പല ട്രെയിനുകളിലും കഴിഞ്ഞ രണ്ടുദിവസമായി ഇതുതന്നെയാണു സ്ഥിതി. യാത്രക്കാർ കോഴിക്കോട്ട് സ്റ്റേഷൻ മാസ്റ്ററോടും കണ്ണൂർ സ്റ്റേഷൻ മാസ്റ്ററോടും പരാതിപ്പെട്ടു.
സംസ്ഥാനത്ത് പഴകിയതും ഉപയോഗശൂന്യവുമായതുമായ കോച്ചുകൾ ഉപയോഗിക്കുന്നതിനെതിരേ നേരത്തെ റെയിൽവേ ഡിവിഷൻ പാസഞ്ചേഴ്സ് അടക്കമുള്ള സംഘടനകൾ പരാതിപ്പെട്ടിരുന്നു.