കൊച്ചി: നെട്രാസെപാം ഗുളികകളുമായി യുവാവ് പിടിയിലായ സംഭവത്തിൽ എക്സൈസ് കൂടുതൽ അന്വേഷണം നടത്തിയേക്കും. പടിയിലായ യുവാവിന് ഗുളികകൾ ലഭിച്ചത് എവിടെനിന്നാണെന്നും വിൽപ്പന നടത്താൻ സഹായിച്ചവർ ഉൾപ്പെടെയുള്ളവരെ കണ്ടെത്തുന്നതിന്റെയും ഭാഗമായാണ് തുടർ അന്വേഷണം നടത്തുക. പറവൂർ വെടിമറ സ്വദേശി അസീബ് (30) ആണ് 150 നെട്രാസെപാം ഗുളികകളുമായി എക്സൈസിന്റെ പിടിയിലായത്. ആലുവ തായിക്കാട്ടുകര ഭാഗത്ത് എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് ഇയാൾ കുടുങ്ങിയത്.
തമിഴ്നാട്ടിലെ അനധികൃത ഫാർമസികളിൽനിന്നാണു ലഹരിഗുളികകൾ എത്തിച്ചതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. ഇവിടങ്ങളിൽ ഇത്തരത്തിൽ നിരവധി അനധികൃത ഫാർമസികൾ പ്രവർത്തിക്കുന്നതായാണു സൂചന. ആലുവ ഭാഗത്തുള്ള ഏതാനും യുവാക്കളുമായി ചേർന്നാണു പ്രതി മയക്കുമരുന്ന് വിൽപനയും ഉപയോഗവും നടത്തി വന്നിരുന്നതെന്ന വിവരവും എക്സൈസിനു ലഭിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ചും കൂടുതൽ അന്വേഷണവും നടത്തിയേക്കും. ആലുവ ജില്ലാ ആശുപത്രിയിൽ അടുത്തയിടെ മയക്കുമരുന്ന് മാഫിയയുടെ ഏറ്റുമുട്ടൽ കൊലപാതകത്തിൽ കലാശിച്ച സാഹചര്യത്തിൽ, ലഹരി മാഫിയയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ്. രഞ്ജിത്ത് സ്പെഷൽ സ്ക്വാഡിന് നിർദേശം നൽകിയിരുന്നു.
ഇതേത്തുടർന്ന് എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡിലെ നാർക്കോട്ടിക് ടോപ് സീക്രട്ട് ഗ്രൂപ്പ് നടത്തിയ രഹസ്യാന്വേഷണത്തിലാണു പ്രതി പിടിയിലായത്. സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ. ബി.എൽ. ഷിബു, എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജ്, പ്രിവൻറീവ് ഓഫീസർമാരായ രാം പ്രസാദ്, ജോർജ് ജോസഫ്, സിജി പോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുണ്കുമാർ, ജോർജ്, സിദ്ധാർത്ഥൻ, വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.