ചാവക്കാട്: മണത്തല നേർച്ചയ്ക്കിടെ നെറ്റിപ്പട്ടം മോഷ്ടിച്ച മൂന്ന് ആനപ്പാപ്പാൻമാർ പൊലീസ് കസ്റ്റഡിയിൽ. പ്രധാനപ്രതിയായ മറ്റൊരു ആനപ്പാപ്പാനെ പോലീസ് തെരയുന്നു. ബീച്ചിൽ നിന്നുള്ള മിറാക്കിൾസ് കാഴ്ച കമ്മിറ്റിക്കാർ ത്യശൂരിൽ നിന്നും വാടകയ്ക്കെടുത്ത 12 നെറ്റിപ്പട്ടങ്ങളിൽ രണ്ടെണ്ണ മാണ് കാണാതായത്. ഇതിൽ ഒരെണ്ണം കാറിൽ കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്പോൾ പിടികൂടുകയായിരുന്നു. ഉത്സവങ്ങളിൽ നെറ്റിപ്പട്ടം മോഷ്ടിച്ചു വില്പന നടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്ന് പറയുന്നു.
ഒരു ആനപ്പാപ്പാനാണ് ഇതിന്റെ പ്രധാന സൂത്രധാരൻ. മറ്റു ആനപ്പാപ്പാൻമാരെ ഉപയോഗിച്ചാണ് മോഷണം നടത്തുന്നത്. ഒരു നെറ്റിപ്പട്ടം സംഘത്തിന്റെ വാഹനത്തിൽ കയറ്റിക്കൊടുത്താൽ 5000 രൂപയാണ് ഇവർക്കു പ്രതിഫലം ലഭിക്കുന്നത് .
മണത്തല നേർച്ചയുടെ സമാപന ദിവസം വൈകീട്ട് ബീച്ചിൽ നിന്നുള്ള നാട്ടുകാഴ്ചയിൽ ആനകൾ ഇടഞ്ഞു പ്രശ്നങ്ങൾ സ്യഷ്ടിച്ചിരുന്നു.
മിറക്കിൾസിന്റെ കാഴ്ചയ്ക്കു കൊണ്ടുവന്ന ആനകളെയാണ് നാട്ടുകാഴ്ചയ്ക്കു വിട്ടു കൊടുത്തിരുന്നത്. ഈ ആനകളിൽ നാലെണ്ണമാണ് ഇടഞ്ഞത്. ആന ഇടഞ്ഞതോടെ കാഴ്ചകൾ നിറുത്തിവച്ചു. പ്രശ്നങ്ങൾ ഉണ്ടാക്കിയ ആനകളെ പിന്നെ എഴുന്നുള്ളിച്ചിരുന്നില്ല. ആനകളെ പല പറന്പുകളിലായാണ് തളച്ചത്. നെറ്റിപ്പട്ടങ്ങൾ പലസ്ഥലത്തായാണ് അഴിച്ചുവച്ചത്.
ആനകൾ ഓടി അലങ്കോലമായതിനിടയിൽ നെറ്റിപ്പട്ടങ്ങൾ സംഘാടകർക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ബുധനാഴ്ച രാവിലെ നോക്കിയപ്പോഴാണ് രണ്ട് നെറ്റിപ്പട്ടങ്ങൾ കുറവ് കണ്ടത്. ഇതിനിടെ ഒരു ആനയെ തളച്ചിരുന്നതിന്നു സമീപം ചുവന്ന കാർ കിടക്കുന്നുണ്ടായിരുന്നു. കാറിന്റെ ഡിക്കിയിലേക്കു പായകെട്ട് കയറ്റുന്നത് കണ്ടപ്പോഴാണ് സംശയം വർധിച്ചത്. പാപ്പാൻമാർ ഉറങ്ങാൻ ഉപയോഗിക്കുന്ന പായയിൽ ചുരുട്ടിക്കെട്ടിയ നിലയിലായിരുന്നുനെറ്റിപ്പട്ടം.
സംശയം തോന്നി ചോദിച്ചപ്പോൾ ചങ്ങലയെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് സത്യംവേഗത്തിൽ പറയേണ്ടിവന്നു പാപ്പാൻമാർക്ക് . ഒരു നെറ്റിപ്പട്ടം മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. മറ്റൊരെണ്ണം തലേന്നു രാത്രി കടത്തിയതായി സംശയിക്കുന്നു. പിന്നീട് പൊലീസെത്തി ഇവരെ കൊണ്ടുപോകുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് സംഘത്തെകുറിച്ച് വിവരം ലഭിക്കുന്നത്. 80, 000 മുതൽ രണ്ടുലക്ഷം രൂപവരെ നെറ്റിപ്പട്ടങ്ങൾക്കു വിലയുള്ളതായി പറയുന്നു. 2000 / 3000 രൂപയാണ് ഇവയുടെ ദിവസ വാടക.