കൊച്ചി: യുവാവിനെ കൊന്നു ചാക്കിൽകെട്ടി കായലിൽ തള്ളിയ സംഭവത്തിൽ മരിച്ചയാളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ്. മരിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും മരിച്ചയാളെ കണ്ടെത്താൻ കഴിയാത്തതു പോലീസിനെ കുഴയ്ക്കുന്നുണ്ട്. മരിച്ചയാളുടെ തലയിൽ തുന്നിക്കെട്ടുള്ളതിനാൽ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് സംഘം നടത്തുന്നുണ്ട്. പ്രദേശത്തും ജില്ലയിലും സംസ്ഥാനത്തും അടുത്തയിടെ കാണാതായതായി ലഭിച്ച പരാതികളിൽ പറയുന്ന ആരെങ്കിലുമാണോ മരിച്ചതെന്നു കണ്ടെത്താൻ അവരുടെ ശരീര ലക്ഷങ്ങളുമായും ഒത്തുനോക്കുന്നുമുണ്ട്. ഇങ്ങനെ നിരവധി പേരെ നോക്കിയെങ്കിലും വ്യക്തമായ സൂചനകൾ നൽകുന്ന ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലേക്കും കൊലപാതക വിവരം കൈമാറിയതിനാൽ ഇന്നു കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. നെട്ടൂർ ഷാപ്പിനടുത്തു കുന്പളത്തേക്കു പുതിയ പാലം നിർമിക്കുന്നതിനു സമീപത്തായി കായലിൽ കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണു മൃതദേഹം കണ്ടെത്തിയത്. മരിച്ചതു മലയാളിയാണോയെന്നു പോലും സ്ഥിരീകരിക്കാൻ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല.
പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞു കോണ്ക്രീറ്റ് കട്ടകളാൽ കെട്ടപ്പെട്ട നിലയിലാണു മൃതദേഹം ലഭിച്ചത്. മറ്റെവിടെയെങ്കിലും വച്ചു കൊലപാതകം നടത്തിയ ശേഷം ഇവിടെ ഉപേക്ഷിതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. മരിച്ചയാളുടെ തലയിൽ ഒരാഴ്ച മാത്രം പഴക്കമുള്ള തുന്നിക്കെട്ടൽ മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന പിടിവള്ളി. ഇതു കേന്ദ്രീകരിച്ചു നടക്കുന്ന അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനായി ഒന്നിടവിടാതെ എല്ലാ ആശുപത്രികളിലും പോലീസ് സംഘം പരിശോധന നടത്തുന്നുണ്ട്.
സമീപപ്രദേശങ്ങളിൽ ഉൾപ്പെടെ പോലീസ് അന്വേഷണം നടത്തിയെങ്കിലും വിവരങ്ങൾ ലഭ്യമായിട്ടില്ല. പാലം നിർമാണവുമായി ബന്ധപ്പെട്ടു നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ പ്രദേശത്തുണ്ടെങ്കിലും മരിച്ചത് ഇവരല്ലെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനാലാണ് അന്വേഷണം സമീപ ജില്ലകളിലേക്ക് ഉൾപ്പെടെ നീട്ടിയത്. പ്രദേശത്തു സ്ഥാപിച്ചിട്ടുള്ള എല്ലാ സിസിടിവികളിലെയും ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതു പരിശോധിക്കുന്പോൾ കേസിൽ തുന്പുണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് പോലീസ്. നിലവിൽ മരിച്ചത് ആരെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ഉൗർജിതമായ അന്വേഷണം നടത്തുന്നുണ്ടെന്നും എറണാകുളം സൗത്ത് സിഐ സിബി ടോം പറഞ്ഞു.