കൊച്ചി: യുവാവിനെ കൊന്നു ചാക്കിൽകെട്ടി കായലിൽ തള്ളിയ സംഭവത്തിൽ തുന്പ് ലഭിക്കാതെ പോലീസ് കുഴങ്ങുന്നു. മൃതദേഹം കണ്ടെത്തിയിട്ട് നാളെ ഒരാഴ്ച തികയുമെങ്കിലും മരിച്ചത് ആരെന്ന് ഇതുവരെ തിരിച്ചറിയാൻപോലും അധികൃതർക്ക് സാധിച്ചിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് പോലീസ് പല തരത്തിലുള്ള അന്വേഷണങ്ങൾ നടത്തിയെങ്കിലും എല്ലാം വിഫലമായ കാഴ്ചയാണ് കാണാൻ സാധിക്കുക.
മൃതദേഹം കണ്ടെത്തിയ വിവരം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും കൈമാറിയിരുന്നെങ്കിലും മരിച്ചയാളെ തിരിച്ചറിയാവുന്ന തരത്തിലുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇതിനിടെ മൃതദേഹം കണ്ടെത്തിയ നെട്ടൂർ ഷാപ്പിനടുത്തു കുന്പളത്തേക്കു പുതിയ പാലം നിർമിക്കുന്നതിനു സമീപത്തുള്ള പ്രദേശത്തെ മുഴുവൻ സിസിടിവി കാമറകളും പോലീസ് പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഏകദേശം മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെന്നും എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ സിസിടിവി കാമറകൾ വീണ്ടും പരിശോധിക്കും.
എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിസിടിവി കാമറകൾ വീണ്ടും പരിശോധിക്കുന്നത്. മരിച്ചയാളുടെ തലയിൽ തുന്നിക്കെട്ടുള്ളതിനാൽ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മരിച്ചതു മലയാളിയാണോയെന്നു പോലും സ്ഥിരീകരിക്കാൻ ഇതുവരെ പോലീസിനു സാധിച്ചിട്ടില്ല.