കൊച്ചി: നെട്ടൂരിലെ അര്ജുന് കൊലപാതക കേസിൽ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കൃത്യം നടത്തിയ സ്ഥലത്താണ് പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തുകയെന്ന് പോലീസ് അറിയിച്ചു. കൂടാതെ കുറ്റകൃത്യത്തിന് ശേഷം പ്രതികള്‍ സഞ്ചരിച്ച സ്ഥലങ്ങളിലെത്തിച്ചും തെളിവെടുക്കും.
കേസിലെ പ്രതികളായ നെട്ടൂര്‍ മാളിയേക്കല്‍ നിബിന് പീറ്റര്‍ (20), നെട്ടൂര്‍ കുന്നലയ്ക്കാട് റോണി (22), നെട്ടൂര്‍ കളപ്പുരയ്ക്കല്‍ അനന്ദു (21), കുമ്പളം നോര്‍ത്ത് തണ്ടാശേരി നികര്‍ത്തില്‍ അജിത് കുമാര്‍ (21) എന്നിവരെയാണ് കോടതി പോലീസ് ക്സ്റ്റഡിയില്‍ വിട്ടത്. രണ്ടു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
അര്‍ജുനെ അതിക്രൂരമായാണ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് ഇന്നലെ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബോധമില്ലാത്ത അവസ്ഥയില്‍ അര്‍ജുനെ വലിച്ചിഴച്ചു ചതുപ്പില്‍ ഇട്ടു കൊലപ്പെടുത്തുകയായിരുന്നു. തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം കണ്ടല്‍ നിറഞ്ഞ പ്രദേശത്തേക്ക് അര്‍ജുനെ തന്ത്രപൂര്‍വം വിളിച്ചുവരുത്തി ഒന്നാം പ്രതി നിബിന് പട്ടിക കൊണ്ട് തലയ്ക്കടിച്ചു.
നിലത്തുവീണ അര്‍ജുനെ കരിങ്കല്ല് കൊണ്ട് വീണ്ടും തലയ്ക്കിടിച്ചു. മൂന്നും നാലും പ്രതികളായ അനന്ദു, അജിത് എന്നിവര്‍ പൊക്കി എഴുന്നേല്‍പ്പിച്ചപ്പോള്‍ രണ്ടാം പ്രതി റോണി പട്ടിക കൊണ്ട് വീണ്ടും തലയ്ക്കടിച്ചതായാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നത്. പ്രതികള്‍ ഉപയോഗിച്ച വാഹനം, മൊബൈല്‍ ഫോണ്‍ എന്നിവ ഉടന്‍ കസ്റ്റഡിയിലെടുക്കും.