ലണ്ടന്‍: ലോക പ്രശസ്തമായ ന്യൂട്ടെല്ല സ്‌പ്രെഡ് കുട്ടികളില്‍ കാന്‍സറിനു കാരണമാകുമെന്ന റിപ്പോര്‍ട്ട് കമ്പനി നിഷേധിച്ചു. ഇതില്‍ അടങ്ങിയിരിക്കുന്ന പാമോയില്‍ അപകടകാരിയാണെന്നാണ് യൂറോപ്യന്‍ ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അഥോറിറ്റി ചൂണ്ടിക്കാട്ടിയിരുന്നത്. ഭക്ഷണ മേശയില്‍ പ്രായഭേദമെന്യേ ഏവരും പങ്കിട്ടുകഴിക്കുന്ന ന്യൂട്ടെല്ല നിര്‍മിക്കുന്നത് ഇറ്റാലിയന്‍ കമ്പനിയായ ഫെറേറോയാണ്. 1940 ലാണ് ഫെറോറോ ആദ്യമായി ന്യൂട്ടെല്ല ഉദ്പദിപ്പിച്ചു തുടങ്ങിയതെങ്കിലും പാചകവിധിയില്‍ പലവിധ മാറ്റങ്ങള്‍ വരുത്തി 1964 ലാണ് ഇപ്പോഴത്തെ രൂപത്തില്‍ വില്പന തുടങ്ങിയത്. പഞ്ചസാര, സസ്യ എണ്ണ, വറുത്ത ഹാസല്‍ നട്‌സ്, കൊക്കോ, പാല്‍പൊടി, സോയ ലെസിതിന്‍, വാനില തുടങ്ങിയവയാണ് അടിസ്ഥാനപരമായി ന്യൂട്ടെല്ലയില്‍ അടങ്ങിയ പദാര്‍ഥങ്ങള്‍. ഇവയില്‍ മറ്റുപലതും കൂടിച്ചേര്‍ത്താണ് വില്പനയ്ക്കായി തയാറാക്കുന്നത്.
ഇതെക്കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍, ഏത് അളവു വരെ കഴിച്ചാല്‍ സുരക്ഷിതമാണെന്നു പറയാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
കാഡ്ബറീസ് ചോക്കളേറ്റ്, ക്ലോവര്‍, ബെന്‍ ആന്‍ഡ് ജെറീസ് തുടങ്ങിയവയിലും പാമോയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, ന്യൂട്ടെല്ലയ്ക്കാണ് ഏറ്റവും വലിയ തിരിച്ചടി വിപണിയില്‍ നേരിട്ടത്. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിനെതിരായ പ്രചാരണത്തിനു കമ്പനി തയാറെടുക്കുന്നത്.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ന്യൂട്ടെല്ല വില്പനയില്‍ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍, ഉത്പന്നത്തില്‍നിന്ന് പമോയില്‍ ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ന്യൂട്ടെല്ല നിര്‍മാതാക്കളായ ഫെരേരോ പറയുന്നത്. പാമോയില്‍ ഒഴിവാക്കിയാല്‍ വില കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍, വിലയല്ല നിലവാരമാണ് മുഖ്യം എന്നുമാണ് കമ്പനിയുടെ നിലപാട്.
സ്‌പ്രെഡിന് മാര്‍ദവം നല്‍കാനാണ് പാമോയില്‍ ഉപയോഗിക്കുന്നത്. മറ്റേത് എണ്ണ ഉപയോഗിച്ചാലും ഇത്ര മാര്‍ദവം കിട്ടില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. പാമോയില്‍ ഉപയോഗിക്കാതെ നിര്‍മിക്കുന്ന ന്യൂട്ടെല്ല നിലവാരം കുറഞ്ഞതായിരിക്കുമെന്നും അവര്‍ പറയുന്നു.
അതേസമയം, സൂര്യകാന്തി റേപ്‌സീഡ് തുടങ്ങിയവയുടെ എണ്ണ ഉപയോഗിച്ച് നിര്‍മിച്ചാല്‍ നിര്‍മാണച്ചെലവ് കൂടുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ഈ റിപ്പോര്‍ട്ടിനോട് കമ്പനി പ്രതികരിച്ചിട്ടില്ല.
1965 ലാണ് ന്യൂട്ടെല്ല ജര്‍മനിയില്‍ സ്ഥാനം പിടിച്ചത്. നിലവില്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള നിര്‍മാണമാണ് കമ്പനി നടത്തുന്നത്. അതുകൊണ്ടുതന്നെ രുചിഭേദവും വ്യത്യാസമാണ്. ആഗോളതലത്തില്‍ 160 രാജ്യങ്ങളില്‍ ജനപ്രിയമായ ന്യൂട്ടെല്ല പ്രതിവര്‍ഷം 2,50,000 ടണ്‍ വിറ്റഴിക്കുന്നുണ്ട്. 33,000 ജീവനക്കാരുള്ള കമ്പനിയുടെ വിറ്റുവരവ് 9.5 മില്ല്യാര്‍ഡ് യൂറോയാണ്. ഇന്ത്യയില്‍ ബാരമതിയിലാണ് ന്യൂട്ടെല്ല നിര്‍മിക്കുന്നത്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍