ആര്യങ്കാവ് : ജില്ലയിലെ തമിഴ്നാട് അതിര്‍ത്തിയായ ആര്യങ്കാവില്‍ ചരക്ക് വാഹനങ്ങളില്‍ ആളുകളെ അതിര്‍ത്തി കടത്തുന്നതായിട്ടുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത പരിശോധനയും ജാഗ്രതയിലുമാണ് അധികൃതര്‍.
കഴിഞ്ഞ ദിവസം ചരക്ക് വാഹനത്തില്‍ പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്ന പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചവരെ ആര്യങ്കാവില്‍ പോലീസ് പിടികൂടിയിരുന്നു. പെട്ടികള്‍ അടുക്കിയിരുന്നതില് സംശയം തോന്നിയ പോലീസ് സംഘം ഇവ മാറ്റി പരിശോധിക്കുകയായിരുന്നു.
രണ്ടുപേരേയാണ് ഇത്തരത്തില്‍ ഇവര്‍ കേരളത്തില്‍ നിന്നും തമിഴനാട്ടിലെക്ക് കടത്താന്‍ ശ്രമിച്ചത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത പോലീസ് കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇതുസംബന്ധിച്ച നാലുകേസുകള്‍ തെന്മല പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലോറികളിലും ടെമ്പോകളിലും ഇത്തരത്തില്‍ വ്യാപകമായി ആളുകളെ കടത്തുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ലോറികളില്‍ ക്യാബിന് മുകളില്‍ കിടത്തിയാണ് ഇവര്‍ ആളുകളെ കടത്തുന്നത്. ഇതോടെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
അതിര്‍ത്തിയിലെ പരിശോധനക്ക് പുറമേ തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കുളത്തുപ്പുഴ നെടുവന്നൂര്കടവിലെ വനം ചെക്ക്പോസ്റ്റിലും പരിശോധന ആരംഭിച്ചിട്ടുണ്ട്.
ചെക്ക്പോസ്റ്റ് പൂര്‍ണ്ണമായും അടച്ചിട്ട ഇവിടെ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ. ചെക്ക്പോസ്റ്റില്‍ വനിതാ ഗാര്‍ഡ് അടക്കം കൂടുതല്‍ ജീവനക്കാരെയും വനം വകുപ്പ് നിയമിച്ചിട്ടുണ്ട്.