തിരുവല്ല: തിരുവല്ല നഗരമധ്യത്തില്‍ റോഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകള്‍ അന്വേഷിക്കുമെന്നു പോലീസ്. തിരുവല്ല പുത്തൂപറമ്പില്‍ പരേതനായ വര്‍ഗീസ് തോമസിന്റ(സെന്റ് ജോര്‍ജ് ബേക്കറി ഉടമ) മകന് നെവിന് തോമസി (34)ന്റെ മൃതദേഹമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എംസി റോഡരികില്‍ കാണപ്പെട്ടത്. നെവിന് ലോറി കയറി മരിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
ഹോട്ടല്‍ തിലക് ബാര്‍ ഹോട്ടലിലേക്ക് കയറുന്ന റോഡില്‍ ഇടതുഭാഗത്തായി തലച്ചോറ് ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപത്തെ പാഴ്സല്‍ കമ്പനിയിലേക്ക് വന്ന ലോറിയുടെ പിന്ചക്രങ്ങള്ക്കിടയില്നിന്നു ശരീര അവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെ അബോധാവസ്ഥയില്‍ റോഡരികില്‍ കിടന്ന നെവിന്റെ തലയിലൂടെ വാഹനം കയറിയതാകാമെന്നു സംശയിക്കുന്നതായി തിരുവല്ല സിഐ പറഞ്ഞു.
ലോറി പോലീസ് കസ്റ്റഡിയിലാണ്. പാഴ്സല്‍ കമ്പനിയിലേക്കു കയറുന്ന ഭാഗത്തെ റോഡിന്റെ അരികില്‍ ഒരാള്‍ കിടന്നാല്‍ കാണാന്‍ കഴിയില്ല. ആള് കിടക്കുന്നതറിയാതെ വാഹനം തിരിച്ചപ്പോഴുണ്ടായ അപകടത്തിലാണ് നെവിന് ഇതിനടിയില്പ്പെട്ടതെന്നു സംശയിക്കുന്നു.
രാത്രിയിൽ പോയി
തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് എതിര്‍വശത്തായാണ് നെവിന്റെ വീട്. വ്യാഴാഴ്ച രാത്രി 11ന് യുവാവ് വീട്ടില്‍ നിന്ന് പോയതാണെന്ന് ബന്ധുക്കള്‍ പറയുന്നു. ബാര്‍ ഹോട്ടലിനു മുന്നില്‍ യുവാവിന്റെ ബൈക്ക് ഇരിപ്പുണ്ട്. രാത്രി 12 വരെ നെവിന് ബാര്‍ ഹോട്ടലില്‍ ഉണ്ടായിരുന്നതായി പറയുന്നു.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഇയാളെ ഇവിടെനിന്ന് ഇറക്കിവിടുന്നതായി കാണുന്നുണ്ട്. മദ്യലഹരിയിലായിരുന്നതായും പറയുന്നു.തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും അടങ്ങിയ പഴ്സ് സമീപത്തുള്ള റോഡിലെ വളര്ന്നുനില്ക്കുന്ന പുല്ലിനിടയില്നിന്നു പോലീസ് കണ്ടെടുത്തു. ഇതില്‍ ദുരൂഹത നിലനില്ക്കുന്നു. നെവിനെ ആരെങ്കിലും ആക്രമിച്ചിരുന്നോയെന്നതും അന്വേഷിച്ചുവരികയാണ്.
രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കിടക്കുന്നതായി പോലീസിനെ അറിയിച്ചത്. വിശദമായ പരിശോധനയ്ക്കു ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം വന്ന ശേഷം ഇന്നു പോസ്റ്റ്മോര്‍ട്ടം നടത്തും. സംസ്കാരം പിന്നീട്.
മാതാവ്: അന്നമ്മ തോമസ് (ലില്ലിക്കൂട്ടി, സെന്റ് ജോര്‍ജ് ബേക്കറി). അതേസമയം, ചില ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി കാണിച്ചു നെവിന്റെ മാതാവ് ലില്ലിക്കുട്ടി കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു.