സംസ്ഥാനത്ത് നാളെ മുതല് എഐ കാമറകള് വരുന്നതില് ആശങ്കാകുലരാണ് പല ആളുകളും. എന്നാല് ഈ അവസരത്തില് ആശങ്ക വേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല് മതിയെന്നും വ്യക്തമാക്കുകയാണ് ഗതാഗത കമ്മീഷണര് എസ് ശ്രീജിത്ത്.
നല്ലൊരു ഗതാഗത സംസ്കാരം വാര്ത്തെടുക്കുകയാണ് ലക്ഷ്യം. കാറിന്റെ മുന്വശത്തിരുന്ന് സീറ്റ് ബെല്റ്റ് ഇല്ലാതെ ഗര്ഭിണികള് യാത്ര നടത്തിയാലും പിഴ ഈടാക്കും.
പിറകില് ഉള്ളവര്ക്കൊപ്പമായിരിക്കണം കൈക്കുഞ്ഞുങ്ങളെന്നും ഗതാഗത കമ്മീഷണര് പറഞ്ഞു. സംസ്ഥാനത്ത് ആകെ 726 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഹെല്മെറ്റ്, സീറ്റ് ബെല്റ്റ്, അപകടം ഉണ്ടാക്കി നിര്ത്താതെ പോകല് എന്നിവ പിടിക്കാന് 675 കാമറകളും സിഗ്നല് ലംഘിച്ച് പോയി കഴിഞ്ഞാല് പിടികൂടാന് 18 കാമറകളാണ് ഉള്ളത്.
അനധികൃത പാര്ക്കിങ് കണ്ടെത്താന് 25 കാമറകളും അതിവേഗം കണ്ടെത്താന് നാലു കാമറകള് പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി കാമറകള് ഒപ്പിയെടുക്കും.
നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില് വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില് രജിസ്്ട്രേഡ് കത്ത് വരും.
പിഴ അടച്ചില്ലെങ്കില് ടാക്സ് അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല് അത്രയധികം തവണ പിഴയടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഹെല്മെറ്റും സീറ്റ് ബെല്റ്റും ഇല്ലെങ്കില് 500 രൂപയാണ് പിഴ. അമിതവേഗത്തിന് 1500 രൂപ, മൊബൈല് ഫോണ് ഉപയോഗിച്ച് ഡ്രൈവിങ് ചെയ്താല് 2000 രൂപ, അനധികൃതപാര്ക്കിങിന് 250 രൂപ, പിന്സീറ്റില് ഹെല്മെറ്റ് ഇല്ലെങ്കില് 500 രൂപ, മൂന്ന് പേരുടെ ബൈക്ക് യാത്ര 1000 രൂപയാണ് പിഴയെന്നും അദ്ദേഹം പറഞ്ഞു.