സൗജന്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് തുണിസഞ്ചി വാങ്ങുന്നതില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. കുടുംബശ്രീയില്‍ നിന്ന് തുണി സഞ്ചി വാങ്ങുന്ന ടെന്‍ഡറാണ് സപ്ലൈകോയെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്.
ടെന്‍ഡര്‍ തുറക്കുന്നതിന്റെ തലേന്നു തന്നെ ഉയര്‍ന്ന വിലയ്ക്ക് സപ്ലൈകോ തുണിസഞ്ചിക്കായുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ കുടുംബശ്രീക്കു നല്കി.മാത്രമല്ല ഇതിനോടകം കുടുംബശ്രീ വഴി വിതരണം ചെയ്ത തുണിസഞ്ചിയുടെ ഗുണനിലവാരത്തില്‍ മുമ്പേ തന്നെ സംശയമുള്ളപ്പോഴാണ് വീണ്ടും ഓര്‍ഡര്‍ നല്‍കിയത്.
ഒരു കോടി സഞ്ചികള്‍ നല്‍കാനാണ് ഓര്‍ഡര്‍. മുന്‍പുള്ള മാസങ്ങളിലും കുടുംബശ്രീകളുടെ മറവില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഗുണമേന്മ വളരെക്കുറഞ്ഞ ബാഗ് വാങ്ങി പല കമ്പനികളും കോടികളുടെ അഴിമതി നടത്തിയിരുന്നു. സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ഈ അഴിമതി പ്രമുഖ മാധ്യമത്തിലുടെ പുറത്ത് വരികയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കിറ്റ് വിതരണം വിവാദ രഹിതമാക്കാന്‍ സപ്ലൈകോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു ഉത്തരവു നല്കിയ സമയത്തു തന്നെയാണ് തുണിസഞ്ചി വാങ്ങല്‍ പഴയപടി തന്നെ മതിയെന്ന ഈ തീരുമാനം എന്നതാണ് ശ്രദ്ധേയം.
കോട്ടണ്‍ സഞ്ചിക്കായുള്ള ടെന്‍ഡറില്‍ ശുദ്ധമായ കോട്ടണ്‍ എന്നു പ്രത്യേകം പറയുന്നില്ല. നിലവില്‍ കിറ്റ് വിതരണത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള തുണിസഞ്ചി 7 മുതല്‍ 8 രൂപയ്ക്കു വരെ വിപണിയില്‍ ലഭിക്കും.
സപ്ലൈകോ വിളിച്ച ടെന്‍ഡറില്‍ 7.87 രൂപയ്ക്കു ക്വോട്ട് ചെയ്ത കമ്പനിയാണ് ഒന്നാമതെത്തിയത് . 8 രൂപയ്ക്കു താഴെയുള്ള വിലയില്‍ ക്വോട്ട് ചെയ്ത മറ്റു കമ്പനികളുമുണ്ട്.ഈ സാഹചര്യത്തിലാണ് 13 രൂപയും ജിഎസ്ടിയും ചേര്‍ന്ന വിലയില്‍ കുടുംബശ്രീക്ക് ഒരു കോടി തുണിസഞ്ചികളുടെ ഓര്‍ഡര്‍ നല്‍കുന്നത്.
ഒരു കോടി സഞ്ചി വാങ്ങുമ്പോള്‍ ഖജനാവിന് കുറഞ്ഞത് അഞ്ചു കോടി രൂപ നഷ്ടം വരും. അതേസമയം കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ടെന്‍ഡറില്‍ പങ്കെടുക്കാതെയും പര്‍ച്ചേസ് ഓര്‍ഡര്‍ നല്കാന് സപ്ലൈകോയ്ക്ക് ചട്ടപ്രകാരം കഴിയും.
കോയമ്പത്തൂരിലും നിന്നും മറ്റും ഏഴു രൂപയ്ക്കു ലഭിക്കുന്ന സഞ്ചികള്‍ ചില കമ്പനികള്‍ ഇരട്ടി വിലയ്ക്ക് സപ്ലൈകോയ്ക്കു നല്‍കുന്നുവെന്ന തരത്തില്‍ മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു.
ഈ സാഹചര്യത്തില്‍ പാലക്കാട് കേന്ദ്രീകരിച്ചുള്ള ചില കുടുംബശ്രീ യൂണിറ്റുകള്‍ക്കെതിരെ സപ്ലൈകോ വിജിലന്‍സ് അന്വേഷണം നടത്തുകയും നടപടിയെടുക്കാന്‍ കുടുംബശ്രീയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ വമ്പന്‍ കമ്പനികള്‍ക്കെതിരെ ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നതാണ് പ്രത്യേകത. ‘പിന്നെയും ശങ്കരന് തെങ്ങേല്’ ആകുമ്പോള്‍ കാര്യങ്ങള്‍ വീണ്ടും അഴിമതിയിലേക്കു തന്നെയാണ് പോകുന്നത് എന്നു കരുതാനേ നിര്‍വാഹമുള്ളൂ.