
സ്വര്‍ണക്കടത്തു കേസില്‍ കാര്യങ്ങള്‍ വേറെ വഴിയിലേക്ക് തിരിയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കഴിവില്ലെന്നും കാര്യങ്ങളെല്ലാം താനാണ് തീരുമാനിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍ അവകാശപ്പെട്ടിരുന്നതായി സ്വപ്നയും സന്ദീപും വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഒരു മലയാളം ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സ്വപ്നയോടൊത്തുള്ള മദ്യപാന സദസ്സുകളിലാണ് ശിവശങ്കര്‍ ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ നിരത്തിയിരുന്നത് എന്നാണ് മൊഴി.
പിണറായിയ്ക്ക് ഒരു കാര്യത്തെക്കുറിച്ചും ധാരണയില്ലെന്നും എല്ലാം താനാണ് പറഞ്ഞു കൊടുക്കുന്നതെന്നും പണം കിട്ടിയാല്‍ എല്ലാം നടക്കുമെന്നും ശിവശങ്കര്‍ അവകാശപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പ്രത്യേക രാഷ്ട്രീയ ചായ്വുള്ള പത്രത്തില്‍ വന്ന ഈ റിപ്പോര്‍ട്ടിനോട് എന്‍ഐഎയോ കസ്റ്റംസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ശിവശങ്കറിനെതിരേ മുഖ്യമന്ത്രി വകുപ്പുതല നടപടിയ്ക്കൊരുങ്ങുകയാണെന്നും വിവരമുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ ഭാഗത്തു നിന്ന് വലിയ വീഴ്ചകള്‍ ഉണ്ടായതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ സംരക്ഷിക്കാന്‍ ശ്രമിക്കാതെ നടപടി സ്വീകരിക്കുമെന്നാണ് സൂചന.
ശിവശങ്കറിനെതിരേ കസ്റ്റംസ് അന്വേഷണം പ്രഖ്യാപിച്ചിട്ടു പോലും സര്‍ക്കാര്‍ തലത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.ശിവശങ്കറിന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി കഴിഞ്ഞു.
എം. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ഇടപാടുകളുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് പുതിയ നാണക്കേടാവും. പുറത്തുവരുന്ന മൊഴികളും തെളിവുകളും കുത്തഴിഞ്ഞ നിലയിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് വെളിപ്പെടുത്തുന്നത്.
ഭരണത്തിന്റെ ആദ്യ വര്‍ഷത്തില്‍ നിരന്തരം വീഴ്ചകളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നപ്പോള്‍ മുതിര്‍ന്ന നേതാവായിരുന്ന എം വി ജയരാജനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചിരുന്നു. കുറച്ചുകാലം ജയരാജന്റെ പരിപൂര്‍ണ നിയന്ത്രണത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്.
ജയരാജന് പോയതോടെ എല്ലാം ജയശങ്കറിന്റെ നിയന്ത്രണത്തിലായി. സ്വര്ണക്കാടത്തുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറിനെക്കുറിച്ച് പോലീസ് അന്വേഷിച്ചിരുന്നു.
അമ്പലമുക്കിലെ ഫ്ളാറ്റിലും ശിവശങ്കര്‍ നിത്യ സന്ദര്‍ശകനായിരുന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തി. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയില്‍ നിന്ന് മാറ്റിയത്.
ശിവശങ്കറിനെ രക്ഷിക്കാന്‍ കിഫ്ബിയിലെ തലപ്പത്തുള്ള പ്രമുഖന് ശ്രമിച്ചിരുന്നു. ഐ എ എസ് ലോബിയില്‍ സമ്മര്‍ദ്ദം ചെലുത്താനും ശ്രമിച്ചു. ഇതിനിടെയാണ് സ്വപ്നാ സുരേഷിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകനാണെന്ന റിപ്പോര്‍ട്ട് പോലീസ് നല്‍കുന്നത്.
സ്പ്രിംഗ്ലര്‍ കാലം മുതല്‍ തന്നെ ശിവശങ്കര്‍ വിവാദനായകനായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ രാജിവെച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം ശിവശങ്കറിലെത്തിയത്.
പെട്ടെന്നു തന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായി. അതുകൊണ്ടു തന്നെ ശിവശങ്കറിന് സ്വപ്നയുമായുള്ള അടുപ്പം മുഖ്യമന്ത്രിയ്ക്കു നേരെയും ചോദ്യമുനകള്‍ ഉയര്‍ത്തുമെന്നുറപ്പാണ്.