ചെങ്ങന്നുർ: വരട്ടാർ – ആദി പന്പാതീരങ്ങളിൽ നടത്തിയ പഠനങ്ങളിൽ മൂന്നുതരം പുതിയ ഉറുന്പുകളെ കേരളത്തിൽ നിന്നാദ്യമായി കണ്ടെത്തി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെയും ഭുമിത്ര സേനാ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഗവേഷണത്തിലാണു കണ്ടെത്തൽ.
പ്രളയത്തിനു മുൻപ് ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ പഠനങ്ങളിൽ ടെട്രാ മോറിയം കാൽഡേറിയം, കരിന്പാര ലീഗ് നേറ്റ, ഹൈപ്പോ പൊനീറഅസ് മുത്തി എന്നീ മൂന്നിനം ഉറുന്പുകളെ നദികളുടെ തീരങ്ങളിൽനിന്നാണ് കണ്ടെത്തിയത്. തുടർന്ന് വിശദമായി നടത്തിയ പഠനത്തിലാണ് ഉറുന്പുകൾ ഈ ഗണത്തിൽപ്പെടുന്നവയാണെന്നു തിരിച്ചറിഞ്ഞത്.
ഈ മൂന്നിനം ഉറുന്പുകളും മണ്ണിനടിയിലും കരീലകൾക്കിടയിലും കണ്ടുവരുന്നവയാണ്. കാരിന്പാര ലിഗ് നേറ്റ- അരുണാചൽ പ്രദേശ്, ആസാം, കർണാടക, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽനിന്നും ടെട്രാ മോറിയം കാൽഡേറിയം – രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നും, ഹൈപ്പോ പൊനീറ അസ്മുത്തി – പശ്ചിമ ബംഗാൾ, ആസാം, ഹിമാചൽ പ്രദേശ് ,അരുണാചൽ പ്രദേശ് ,ജമ്മു – കാഷ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുമാണ് മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇരുകരകളുടെയും വ്യത്യസ്ത ആവാസവ്യവസ്ഥകളിൽ നടത്തിയ പഠനത്തിൽനിന്ന് ആകെ 41 ഇനം ഉറുന്പുകളെ സംഘത്തിനു കണ്ടെത്താനായി. കോളജിലെ ജന്തുശാസ്ത്ര അധ്യാപകനും ഭൂമിത്ര സേനാ ക്ലബ്ബിന്റെയും കണ്‍വീനറുമായ ഡോ: ആർ അഭിലാഷിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ട്രാവൻകൂർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ഉറുന്പ് ഗവേഷക സംഘാംഗമായ മനോജ് വെന്പായത്തിന്റെ സഹായത്തോടെയാണ് ഉറുന്പുകളെ തിരിച്ചറിഞ്ഞത്.
ഒക്്ടോബറിൽ ഡെറാഡൂണിൽ നടന്ന അന്താരാഷ്ട്ര ജൈവ വൈവിധ്യ കോണ്‍ഗ്രസിൽ ഈ കണ്ടെത്തലുകൾ വിശദമാക്കുന്ന പ്രബന്ധം അവതരിപ്പിച്ചെന്ന് ഡോ.ആർ അഭിലാഷ് പറഞ്ഞു. പ്രളയാനന്തരം ഈ പ്രദേശങ്ങളിലെ ഉറുന്പുകളിൽ ഉണ്ടായിട്ടുള്ള ആഘാതങ്ങളെക്കുറിച്ചുള്ള ഗവേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.