ആറ്റിങ്ങലിലെ തോറ്റ എംപി സമ്പത്തിനെ ഡല്‍ഹിയിലെ ലെയ്സണ്‍ ഓഫീസറാക്കിയതിന്റെ വിവാദങ്ങള്‍ തീരുംമുമ്പേ ഖജനാവ് ചോര്‍ത്തുന്ന അടുത്ത നിയമനവുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ കക്ഷിയാവുന്ന കേസുകളുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി ഹൈക്കോടതി അഭിഭാഷകന് എ. വേലപ്പന്‍നായരെ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിച്ചതാണ് ഇപ്പോള്‍ വിവാദത്തില്‍ കലാശിച്ചിരിക്കുന്നത്. നിലവില്‍ കേസ് നടത്താനും നിരീക്ഷിക്കാന്‍ അഡ്വക്കേറ്റ് ജനറലുണ്ട്. ഇത് പോരാഞ്ഞിട്ട് എല്ലാ കോടതിയിലും പ്രോസിക്യൂട്ടര്‍മാരും. എന്നിട്ടും പ്രത്യേക അഭിഭാഷകന് ലെയ്സണ്‍ ഓഫീസറാകുന്നു. മാസം 1,10,000 രൂപയാണു ശമ്പളം. മറ്റ് ചെലവുകള്‍ വേറേയും. ആറ്റിങ്ങലില്‍ തോറ്റ മുന്‍ എംപി സമ്പത്തിനെ ഡല്‍ഹിയില്‍ ലെയ്സണ്‍ ഓഫീസറാക്കിയ അതേ മാതൃകയിലാണ് പുതിയ നിയമനം.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമോപദേഷ്ടാവിനു പുറമേ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറുടെ തസ്തിക സൃഷ്ടിക്കാന്‍ കഴിഞ്ഞമാസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ഉത്തരവ്. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസര്‍ പ്രവര്‍ത്തിക്കുക. അവിടെ പ്രത്യേക ഓഫീസും ഒരുക്കും. ഇതിന് വേറെ ചെലവുകളും വരും. രണ്ട് നിയന്ത്രണ കേന്ദ്രങ്ങളും ഫലത്തില്‍ ഉടലെടുക്കും. ഇതെല്ലാം കേസുകളെ പ്രതികൂലമായി ബാധിക്കും. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡറുടെ സേവന, വേതന വ്യവസ്ഥകളാണ് ലെയ്സണ്‍ ഓഫീസര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്. വേതനമായി 76,000, ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബത്ത എന്നിവയായി ആയിരം, യാത്രാബത്തയായി 19,000, അനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കുമായി 14,000 രൂപയും അടങ്ങുന്നതാണ് മൊത്തശമ്പളം. എന്തിനാണ് ഈ നിയമനം എന്ന ചോദ്യത്തിന് ഇനിയും സര്‍ക്കാരിന് കൃത്യമായ ഉത്തരമില്ല.
സാധാരണ കേരളത്തിലെ മുഖ്യമന്ത്രിമാര്‍ നിയമോപദേഷ്ടാവിനെ നിയമിക്കുക പതിവില്ല. അഡ്വക്കേറ്റ് ജനറലിനെയാണ് നിയമിക്കാറുള്ളത്. എന്നാല്‍ പിണറായി ഈ പതിവ് തെറ്റിച്ചു.ഡോ എന്‍.കെ ജയകുമാറാണ് നിയമോപദേഷ്ടാവ്. ഇതും പോരാഞ്ഞാണ് സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചത്. എന്നാല്‍ ഇയാള്‍ക്ക് ഓഫീസ് അനുവദിച്ചതു കൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലും. അഡ്വക്കേറ്റ് ജനറലുള്ളപ്പോള്‍ ഇതിന്റെ ആവശ്യമില്ലെന്ന് ഏവരും സമ്മതിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനാണ് കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എ വേലപ്പന് നായര്‍.
ഹൈക്കോടതിയില്‍ സര്‍ക്കാര്‍ തോല്‍ക്കുന്ന കേസുകളിലിലെല്ലാം ചില ഉന്നത തല ഇടപെടലുകളുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഭൂമി കേസുകളിലും സര്‍ക്കാരിന് വമ്പന്‍ തിരിച്ചടിയാണ് ഉണ്ടാകുന്നത്. ഇതിന് പിന്നിലും ഇടപെടലുകള്‍ വ്യക്തമാണ്. ഈ ഇടപെടലുകള്‍ അവസാനിപ്പിച്ചാല്‍ മതി എല്ലാ കേസുകളും സര്‍ക്കാരിന് ജയിക്കാം. എന്നാല്‍ പുതിയ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ഇഷ്ടക്കാരെ തിരുകിക്കയറ്റുന്ന സര്‍ക്കാര്‍ നടപടി സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാക്കുന്നത്.