അതിര്‍ത്തി മേഖലകളില്‍ യുദ്ധസജ്ജമായ കരസേനാ യൂണിറ്റിനു (ഇന്റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പ് – ഐബിജി) രൂപം നല്‍കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. കാലാള്‍പ്പടയ്ക്കു (ഇന്‍ഫന്‍ട്രി) പുറമേ, ആര്‍ട്ടിലറി, സിഗ്നല്‍, കരസേനയുടെ വ്യോമ വിഭാഗം എന്നിവയില്‍ നിന്നുള്ള സേനാംഗങ്ങള്‍ കൂടി ഉള്‍പ്പെട്ട യൂണിറ്റിന്റെ ആദ്യ സംഘത്തെ പടിഞ്ഞാറന്‍ മേഖലയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിയോഗിക്കും. യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി സേന വൈകാതെ പ്രതിരോധ മന്ത്രാലയത്തെ സമീപിക്കും.
അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ കാലാള്‍പ്പടയെക്കാള്‍ ഫലപ്രദമായ സേനാ സംഘം അനിവാര്യമാണെന്ന വിലയിരുത്തലിലാണു യൂണിറ്റിനു രൂപം നല്‍കുന്നത്. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള സേനാംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന യൂണിറ്റ് അതിര്‍ത്തിയിലെ സേനാ നടപടികള്‍ക്കു കൂടുതല്‍ മൂര്‍ച്ച നല്‍കും. സുരക്ഷാ സ്ഥിതി, ഭൂപ്രകൃതി, ദൗത്യം എന്നിവയുടെ അടിസ്ഥാനത്തിലാകും അതിര്‍ത്തിയില്‍ വിവിധയിടങ്ങളില്‍ നിലയുറപ്പിക്കുന്ന യൂണിറ്റിന്റെ ഘടന നിശ്ചയിക്കുക. ആക്രമണം, പ്രതിരോധം എന്നിവയിലൂന്നിയുള്ള രണ്ടു തരം യൂണിറ്റുകളാകും സജ്ജമാക്കുക. ഒരു യൂണിറ്റില്‍ 5,000 സേനാംഗങ്ങള്‍.
ശത്രുസേനയ്‌ക്കെതിരായ മിന്നലാക്രമണങ്ങള്‍ക്കു കര, വ്യോമ, നാവിക സേനകളിലെ കമാന്‍ഡോ വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി ‘ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഡിവിഷന്‍’ എന്ന പ്രത്യേക സേനാ സംഘത്തിനു പ്രതിരോധ മന്ത്രാലയം കഴിഞ്ഞ മേയില്‍ രൂപം നല്‍കിയിരുന്നു. എന്തായാലും പാക്കിസ്ഥാന്‍ കൈവിട്ട കളിയ്ക്കു മുതിര്‍ന്നാല്‍ പണിവാങ്ങിച്ചു കൂട്ടുമെന്ന ധ്വനിയാണ് പുതിയ നീക്കത്തിലൂടെ ഇന്ത്യന്‍ സേന നല്‍കുന്നത്.