കൊച്ചി: മൈക്രോചിപ് ഘടിപ്പിച്ച എടിഎം കാർഡിലേക്കു മാറുന്നതിന് ആർബിഐ അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചതോടെ നിരവധി മാഗ്നറ്റിക് സ്ട്രിപ് കാർഡുകൾ ഇന്നു മുതൽ പ്രവർത്തനരഹിതമാകും.
പഴയ മാഗ്നറ്റിക് സ്ട്രിപ് കാർഡ് ഇപ്പോഴും ഉപയോഗിക്കുന്നവർക്കു റിസർവ് ബാങ്കിന്റെ നിർദേശം നടപ്പായതോടെ എടിഎം വഴി ഇന്നു മുതൽ പണം പിൻവലിക്കാനാവില്ല. റിസർവ് ബാങ്കിൽനിന്നു പുതിയ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഈ നടപടി പ്രായമായവരുൾപ്പെടെയുള്ള ഉപഭോക്താക്കളെ വലയ്ക്കും.
ഇടപാടുകാരുടെ സുരക്ഷയ്ക്കായി മാഗ്നറ്റിക് സ്ട്രിപ്പുള്ള കാർഡുകൾ മാറ്റി യൂറോ പേ മാസ്റ്റർ കാർഡ് വീസ (ഇഎംവി) ചിപ്പ് ഘടിപ്പിച്ച കാർഡുകൾ നൽകണമെന്നു റിസർവ് ബാങ്ക് 2015ലാണ് സർക്കുലർ ഇറക്കിയത്.
ഇതനുസരിച്ച് 2016 ജനുവരി ഒന്നു മുതൽ ബാങ്കുകൾ പുതിയ ഉപഭോക്താക്കൾക്കും കാലാവധി കഴി ഞ്ഞ കാർഡുകൾക്കു പകരവും നൽകുന്നതു ചിപ്പ് ഘടിപ്പിച്ചവയായിരുന്നു. പുതിയ കാർഡുകളിലേക്കു മാറണമെന്നു പല മാർഗങ്ങളിലൂടെ ബാങ്ക് അധികൃതർ ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്തിരുന്നു.
ചിപ്പ് വച്ച കാർഡുകൾ ഇതുവരെ ലഭിക്കാത്തവർ തങ്ങളുടെ ശാഖയുമായി ബന്ധപ്പെട്ട് അതിനുള്ള അപേക്ഷ സമർപ്പിക്കണം. കാർഡുകളിൽ ഉപഭോക്താവിന്റെ പേര് വയ്ക്കാത്ത (നോണ്‍ പേഴ്സണലൈസ്ഡ് ) കാർഡുകൾ അനുവദിക്കുന്ന ബാങ്കുകളിൽനിന്ന്, അപേക്ഷ സമർപ്പിക്കുന്പോൾ തന്നെ പുതിയ കാർഡ് ലഭിക്കും. ഇവ അടുത്ത നാലു ദിവസത്തിനുള്ളിൽ തന്നെ ഉപയോഗിക്കാനുമാവും. അല്ലാത്തവ ലഭിക്കുന്നതിനു കുറഞ്ഞതു രണ്ടാഴ്ചയോളം സമയം വേണ്ടിവരും.
വി.ആർ. ശ്രീജിത്ത്