കോട്ടയം: കെഎസ്ടിപി റോഡു നവീകരണത്തിന്റെ ഭാഗമായി ബേക്കർ ജംഗ്ഷനിലും റൗണ്ടന നിർമിക്കും. റൗണ്ടാനയോടൊപ്പം ഇവിടെ സിഗ്നൽ ലൈറ്റും സ്ഥാപിക്കുന്നുണ്ട്. ഇതോടെ ഇവിടത്തെ പോലീസിന്റെ സേവനം അവസാനിക്കും. നിലവിൽ പോലീസ് ഗതാഗതം നിയന്ത്രിക്കുന്ന ഐലൻഡിൽ നിന്നും അഞ്ചു മീറ്റർ മുന്നോട്ടു മാറിയാണ് റൗണ്ടാന നിർമിക്കുന്നത്.
റൗണ്ടാന പൂർത്തിയാകുന്നതോടെ മൂന്നു റോഡുകളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്കു റൗണ്ടാന ചുറ്റി മാത്രമേ കടന്നു പോകാൻ സാധിക്കുകയുള്ളു. റൗണ്ടന വരെ റോഡിന്റെ മധ്യത്തിലൂടെ സ്ഥിരം മീഡിയനും കുമരകം റോഡിലേക്കു താത്കാലിക മീഡിയനുമായിരിക്കും സ്ഥാപിക്കുക.
റോഡു നവീകരണത്തിന്റെ ഭാഗമായി ബേക്കർ ജംഗ്ഷൻ ഭാഗം ബിഎംആർസി നിലവാരത്തിൽ ടാറിംഗ് നടത്തിയിരുന്നു. പഴയ റോഡ് പൊളിച്ചു മാറ്റി മണ്ണിട്ടുയർത്തിയാണ് പുതിയ റോഡ് നിർമിച്ചത്. ജംഗ്ഷനിലെ ഇരുവശങ്ങളിലും നടപ്പാതയുടെ നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്. ടാറിംഗ് പൂർത്തിയായതോടെ ജംഗ്ഷനിൽ റോഡിനു നടുഭാഗത്തായി നിലനിന്നിരുന്ന ഇലക്്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചിരുന്നു.
റൗണ്ടാന നിർമിക്കുന്നതോടൊപ്പം ജംഗ്ഷനിലെ റോഡുകളുടെ വീതിയും കൂട്ടുന്നുണ്ട്. സമീപത്തെ പെട്രോൾ പന്പിനോടു ചേർന്നുവരെ റോഡ് ടാർ ചെയ്യും. സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതോടൊപ്പം വലിയ സൂചനാ ബോർഡുകളും സ്ഥാപിക്കാൻ കെഎസ്ടിപിക്ക് പദ്ധതിയുണ്ട്.
നവീകരണം പൂർത്തിയാകുന്നതോടെ കോട്ടയത്തെ പ്രധാന ജംഗ്ഷനായ ബേക്കർ ജംഗ്ഷൻ കൂടുതൽ മനോഹരമാകും ഒപ്പം ഗതാഗതക്കുരുക്കും ഒഴിവാകും.കുമരകം ഭാഗത്തേക്കുള്ള യാത്രക്കാർക്കും ഏറ്റുമാനൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കുമായി ആധുനിക നിലവാരത്തിലുള്ള വെയിറ്റിംഗ്ഷെഡ് നിർമിക്കാനും പൊതുമരാമത്ത് അധികൃതർക്ക് നിർദേശം ലഭിച്ചു കഴിഞ്ഞു.
റോഡ് നവീകരണത്തിന്റെ ഭാഗമായി നാഗന്പടം സ്റ്റേഡിയം ജംഗ്ഷൻ, നാഗന്പടം മേൽപാലം ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ, എംസി റോഡിൽ നിന്നും മെഡിക്കൽ കോളജിനു തിരിയുന്ന ഗാന്ധിനഗർ ജംഗ്ഷൻ, ഏറ്റുമാനൂർ ടൗണ്‍, കുമാരനല്ലൂർ മേൽപാലം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് റൗണ്ടാനയും സിഗ്നൽ ലൈറ്റും സ്ഥാപിക്കാൻ പദ്ധതി. ഇതു കൂടാതെ റോഡിനിരുവശവും ടൗണ്‍, ജംഗ്ഷൻ അല്ലാത്ത പ്രദേശങ്ങളിൽ സോളാർ വിളക്കുകളും സ്ഥാപിക്കുന്നുണ്ട്.