ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോർ സൈക്കിൾ ലേബലുമായി ഹാർലി ഡേവിഡ്സൺ പുതിയ ബ്ലൂ എഡിഷൻ ബൈക്ക് വിപണിയിൽ അവതരിപ്പിച്ചു. 12.19 കോടി രൂപ വില വരുന്ന (നികുതിയും ഇറക്കുമതിച്ചുങ്കവും കൂട്ടാതെ) വാഹനത്തിൽ നിരവധി കൗതുകങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.
പെട്രോൾ ടാങ്കിൽ സ്പീഡോമീറ്റർ ഘടിപ്പിച്ചതുകൂടാതെ ടാങ്കിന്റെ ഇടതു വശത്ത് തുറക്കാൻ കഴിയുന്ന വിധത്തിൽ തയാറാക്കിയിട്ടുള്ള സേഫിൽ വജ്രമോതിരം വച്ചിട്ടുണ്ട്. ബുച്ചറെർ ഫൈൻ ജ്വല്ലറി നിർമിച്ച മോതിരത്തിൽ 5.40 കാരറ്റ് വജ്രമാണുള്ളത്. വലതുവശത്ത് സമാന രീതിയിൽ കാൾ എഫ്. ബുച്ചറർ വാച്ചും സ്ഥാനംപിടിച്ചിട്ടുണ്ട്.
കൗതുകകാര്യങ്ങൾ ഇവിടെ തീരുന്നില്ല. വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്ന നട്ടും ബോൾട്ടും സ്വർണം പൂശിയവയാണ്. 360 വജ്രങ്ങൾ വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടംപിടിച്ചിട്ടുമുണ്ട്. ഇത്രയധികം വില വരാൻ ഇനിയുമുണ്ട് കാരണങ്ങൾ. ഈ വാഹനം നിർമിക്കുക എത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. 2,500 മണിക്കൂർ വേണ്ടിവന്നു ഈ ബ്ലൂ എഡിഷൻ ബൈക്കിന്റെ നിർമാണത്തിന്.