സ്പോർട്ടി മോട്ടോർസൈക്കിളുകളിൽ റേസിംഗ് നടത്താൻ താത്പര്യപ്പെടുന്നവരുടെ ഇഷ്ട മോഡലുകളിലൊന്നാണ് ടിവിഎസ് അപ്പാച്ചെ ആർടിആർ. തുടർച്ചയായ പരിണാമങ്ങളിലൂടെ അപ്പാച്ചെ ആർടിആർ നിരവധി തവണ പരിഷ്കരിച്ച് നിരത്തിലെത്തിക്കാൻ ടിവിഎസ് ശ്രമിച്ചിട്ടുമുണ്ട്. രൂപത്തിലും ഭാവത്തിനും കരുത്തിലും അടിമുടി മാറ്റവുമായിട്ടാണ് ഇത്തവണ ടിവിഎസ് അപ്പാച്ചെ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്, അപ്പാച്ചെ ആർടിആർ 160 4വി എന്ന പേരിൽ.
ദേശീയ ചാന്പ്യൻ: ആറു തവണ ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിംഗ് ചാന്പ്യൻഷിപ്പിൽ ചാന്പ്യനായ പിൻബലമുണ്ട് അപ്പാച്ചെക്ക്. ഇതിന്റെ കരുത്തിലാണ് അപ്പാച്ചെ ആർടിആർ 160 4വിയുടെ പിറവിയും.
ഡിസൈനിൽ പുതിയതെന്ത്? ടിവിഎസിന്റെ പുതിയ ഡബിൾ ക്ലാഡിൽ സ്പ്ലിറ്റ് സിൻക്രോ സ്റ്റിഫ് ഫ്രെയിമിലാണ് ഈ മോഡലിനെ കെട്ടിപ്പടുത്തിരിക്കുന്നത്. അപ്പാച്ചെ ആർടിആർ 200 4വി മോഡലിലും ഈ ഫ്രേയിംതന്നെയാണ്. ഫ്രെയിമിൽ മാത്രമല്ല, സ്റ്റൈലിലും ആർടിആർ 200 4വി എന്ന കൂടെപ്പിറപ്പിനെ അനുസ്മരിപ്പിക്കുംവിധമാണ് പുതിയ മോഡലിന്റെയും പിറവി. എന്നാൽ, ചെറിയ മാറ്റങ്ങൾ ഉണ്ടെന്നും പറയാം.
തുറിച്ചുനോക്കുന്ന ഹെഡ്ലാന്പ്: തുറിച്ചുനോക്കുന്ന ഹെഡ്ലാന്പ്, വശങ്ങളിലേക്കും മുകളിലേക്കുമുന്തിയ ഇന്ധന ടാങ്ക്, എൽഇഡി ടെയിൽ ലാന്പ് എന്നിവ ആകർഷകമാണ്. ടിവിഎസിന്റെ ലോഗോ ആയ കുതിച്ചുപായുന്ന കുതിര ഇന്ധന ടാങ്കിന്റെ വശങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. സൈഡ് പാനലുകളിൽ ഡുവൽ ടോണ് ട്രീറ്റ്മെന്റ് നല്കിയിരിക്കുന്നു. സീറ്റ് സിംഗിൾ പീസ് ആണ്. അതേസമയം 200 4വിയിൽ സ്പ്ലിറ്റ് സീറ്റ് ആണുള്ളത്.
അലോയ്കൾ ലളിതം: ബ്ലാക്ക് പെയിന്റഡ് അലോയ്കളാണ് ഈ വാഹനത്തെ കുതിക്കാൻ സഹായിക്കുന്നത്. എക്സ്ഹോസ്റ്റിന് ഡുവൽ പോർട്ടും നല്കിയിട്ടുണ്ട്. മുന്നിൽ 270 എംഎം റോട്ടോ പെറ്റൽ ഡിസ്ക് ബ്രേക്ക് നല്കിയപ്പോൾ പിന്നിലെ 200 എംഎം ഡിസ്ക് ബ്രേക്ക് ഓപ്ഷണലാണ്. നല്ല ഗ്രിപ്പ് നല്കുന്ന വിധത്തിൽ ഉയർന്ന നിലവാരമുള്ള റെമോറ ടയറുകളാണ് അലോയ്കളിൽ ഉപയോഗിച്ചിരിക്കുന്നത്.
കരുത്ത്: എൻജിന്റെ ബോർ, സ്ട്രോക്ക് എന്നിവ അതേപടി നിലനിർത്തിയിട്ടുണ്ട്. അതായത്, എൻജിൻ കപ്പാസിറ്റിയിൽ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, എയർ കൂൾഡ് മോട്ടോറിനെ ഉയർന്ന കംപ്രഷൻ റേഷ്യോയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നതിന് പുതിയ 4-വാൽവ് സിസ്റ്റവും നല്കിയിരിക്കുന്നു. ഓയിൽ തണുപ്പിച്ച് ഈ സംവിധാനം ദീർഘദൂര യാത്രകൾക്ക് വാഹനത്തെ പ്രാപ്തമാക്കുന്നു.
സ്റ്റാൻഡാർഡ് കാർബറേറ്റർ വേർഷനിൽ 15.1 പിഎസ് പവറും, ഫ്യുവൽ ഇൻജെക്ഷനിൽ (ഓപ്ഷണൽ) 16.8 പിഎസുമാണ് എൻജിന്റെ പവർ. ടോർക്ക് 13-14.8 എൻഎം.
ഗിയർബോക്സ് 5-സ്പീഡ്. പരമാവധി വേഗം മണിക്കൂറിൽ 114 കിലോമീറ്റർ.
എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ: സ്റ്റാൻഡാർഡ് ഇൻഫർമേഷനുകൾക്കൊപ്പം ലാപ് ടൈമർ, 0-60 ടൈമർ, ടോപ് സ്പീഡ് റിക്കോർഡർ എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള ഫുള്ളി ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.
മോണോഷോക്ക്: പഴയ ആർടിആർ മോഡലിൽനിന്നു വ്യത്യസ്തമായി പിന്നിൽ ട്വിൻ ഷോക്കിനു പകരം മോണോഷോക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. റേസിംഗിന് ഉതകുംവിധമാണ് പുതിയ വാഹനം തയാറാക്കിയിരിക്കുന്നതെന്നാണ് കന്പനിയുടെ അവകാശവാദം.
ഓട്ടോസ്പോട്ട്/ഐബി