സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ അതേ ചടങ്ങില്‍ പുറത്തിറക്കിയ ഒരു പുസ്തകത്തിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം.
തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ആര്‍ട്ടിസ്റ്റ് അസോസിയേഷന് സമ്മേളനത്തില്‍ ഈ മാസം രണ്ടിനാണ് ഉദയനിധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
ഇതേ ചടങ്ങില്‍ ‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസിന്റെ സംഭാവന’ എന്ന പുസ്തകം ഉദയനിധി പ്രകാശനം ചെയ്തിരുന്നു.
വലിയ പുസ്തകമാണെങ്കിലും രണ്ടു പേജ് ഒഴികെയെല്ലാം ശൂന്യമാണിതില്‍. ബൂട്ട് നക്കുന്നതും തോക്ക് കാട്ടുന്നതുമായ 2 ചിത്രങ്ങള്‍ മാത്രമാണു പുസ്തകത്തിലുള്ളത്.
മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെയാണു തോക്ക് സൂചിപ്പിക്കുന്നതെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് ആര്‍എസ്എസ് ഒന്നും സംഭാവന ചെയ്തിട്ടില്ലെന്നു സൂചിപ്പിക്കുന്നതാണ് ശൂന്യമായ പേജുകളെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നു.
കോണ്‍ക്ലേവ് നടത്തിയ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറമാണ് പുസ്തകം പുറത്തിറക്കാനുള്ള ആശയം രൂപീകരിച്ചത്.
പുസ്തകത്തെ പ്രശംസിച്ച് ഉദയനിധി സ്റ്റാലിന് എക്സ് പ്ലാറ്റ്ഫോമില്‍ കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതനധര്‍മത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു ചടങ്ങില്‍ ഉദയനിധി പറഞ്ഞത്.
ഇന്ത്യ മുന്നണിയിലേതടക്കമുള്ള നേതാക്കള്‍ ഉദയനിധിയ്ക്കെതിരേ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ കാര്‍ത്തി ചിദംബരം, പ്രിയങ്ക് ഖാര്‍ഗെ തുടങ്ങിയവര്‍ ഉദയനിധിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
പലയിടങ്ങളിലും ഹിന്ദു സംഘടനകള്‍ ഉദയനിധിയ്ക്കെതിരേ കേസ് നല്‍കുകയും ചെയ്തു.