പതിനാറു വര്‍ഷത്തോളം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് ആരോഗ്യമുള്ള കുഞ്ഞിന് 46 വയസുകാരി ജന്മം നല്കി. തെക്കന്‍ ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയിലെ സണ്‍ യാറ്റ് സെന്‍ യൂണിവേഴ്സിറ്റിയുടെ ആശുപത്രിയിലാണ് സ്ത്രീ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവരുടെ മൂത്തമകന് ഇപ്പോള്‍ 16 വയസുണ്ട്.
2000ല്‍ സ്ത്രീ ആരോഗ്യവാനായ ആണ്‍കുഞ്ഞിന് ജന്മംനല്കി. 2015ല്‍ ചൈനയില്‍ ഒറ്റക്കുട്ടി നയം മാറ്റിയതോടെ രണ്ടാമതൊരു കുഞ്ഞിനെക്കൂടി വേണമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ആശുപത്രിയില്‍ സൂക്ഷിച്ച 16 ഭ്രൂണങ്ങളില്‍ ആരോഗ്യത്തോടെയുള്ളവ അവരുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. ഇതിലൊന്നില്‍ നിന്നാണ് കുഞ്ഞ് പിറന്നത്. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന ഭ്രൂണത്തില്‍ നിന്ന് കുഞ്ഞുജനിക്കാനുള്ള സാധ്യത വിരളമാണെന്ന് ആശുപത്രിയിലെ റീ പ്രൊഡക്റ്റീവ് ഡയറക്ടര്‍ സു യാന്വെന് പറഞ്ഞു. ചൈനയില്‍ ഒറ്റക്കുട്ടി നയം മാറ്റിയതോടെ കഴിഞ്ഞവര്‍ഷം 40 വയസിന് മുകളില്‍ പ്രായമുള്ള ആയിരത്തോളം സ്ത്രീകളാണ് രണ്ടാമതൊരു കുഞ്ഞിനെക്കൂടി വേണമെന്ന ആവശ്യവുമായി എത്തിയതെന്നും സു യാന്വെന് വ്യക്തമാക്കി.