ശ്രീനഗർ: നവജാത ഇരട്ട ശിശുക്കൾ തന്റേതല്ലെന്ന് ഭർത്താവ് ആരോപിച്ചതിന് പിന്നാലെ യുവതി കുട്ടികളെ കഴുത്തറത്ത് കൊലപ്പെടുത്തി. ജമ്മുകശ്മീരിലെ പൂഞ്ചിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. യുവതിയുടെ ഭർത്താവ് സൗദി അറേബ്യയിലായിരുന്നു. മൂന്ന് മാസം മുൻപാണ് ഇയാൾ നാട്ടിലെത്തിയത്.
ഗർഭിണിയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചത്. ഇതിന് പിന്നാലെ യുവാവ് പോലീസ് സ്റ്റേഷനിലെത്തുകയും ഭാര്യയ്ക്ക് ജനിച്ച കുഞ്ഞുങ്ങൾ തന്റേതല്ലെന്നും അവിഹിത ബന്ധത്തിലേതാണെന്നും ആരോപിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ജനിച്ച കുഞ്ഞുങ്ങളുമായി വയലിലേക്ക് പോയ യുവതി അവിടെവച്ച് ഇരട്ടകുട്ടികളെ കഴുത്തറത്ത് കൊല്ലുകയായിരുന്നു. ഭാര്യയും ഭർത്താവും ചേർന്ന് ഇരട്ടകുട്ടികളെ കൊന്നതെന്നാണ് പോലീസ് ആദ്യം കരുതിയിരുന്നത്.
എന്നാൽ യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെ അവർ കുറ്റസമ്മതം നടത്തുകയായിരുന്നു. തുടർന്ന് യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തി.