ന്യൂഡൽഹി: നവജാത ശിശുക്കളെ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിൽ സിബിഐ നടത്തിയ പരിശോധനയിൽ ആശുപത്രി ജീവനക്കാരുൾപ്പെടെ ഏഴു പേരെ അറസ്റ്റ് ചെയ്തു. ഡൽഹി കേശവപുരത്തെ ഒരു വീട്ടിൽനിന്ന് മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി.
നവജാത ശിശുക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു എന്ന വിവരത്തെത്തുടർന്നാണ് സിബിഐ ഡൽഹിയിലും ഹരിയാനയിലുമടക്കം ഏഴു കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ഒരു മാസത്തിൽ താഴെ പ്രായമുള്ള രണ്ട് ആണ്‍കുഞ്ഞുങ്ങളെയും ഒരു പെണ്‍കുഞ്ഞിനെയുമാണ് രക്ഷപ്പെടുത്തിയത്. പരിശോധനയിൽ 5.5 ലക്ഷം രൂപയും മറ്റു രേഖകളും കണ്ടെടുത്തു.
രക്ഷിതാക്കളിൽനിന്നും വാടക അമ്മമാരിൽനിന്നും ശിശുക്കളെ വാങ്ങിയശേഷം നാലു മുതൽ ആറു ലക്ഷം രൂപവരെ വിലയ്ക്ക് വിൽക്കുകയായിരുന്നു. ദത്തെടുക്കു ന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ഉണ്ടാക്കി കുട്ടികളില്ലാത്ത ദമ്പതികളെ കബളിപ്പിച്ചതിലും പ്രതികൾക്കു പങ്കുള്ളതായി സിബിഐ വാർത്താക്കുറിപ്പിൽ വെളിപ്പെടുത്തി.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പത്തോളം കുട്ടികളെ വില്പന നടത്തിയതായി സിബിഐ കണ്ടെത്തി. രാജ്യവ്യാപകമായി ഈ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു സിബിഐയുടെ കണ്ടെത്തൽ.
ഫേസ്ബുക്ക്, വാട്സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികളില്ലാതെ മാതാപിതാക്കളെ ബന്ധപ്പെട്ടുകൊണ്ടാണ് ഈ റാക്കറ്റുകൾ പ്രവർത്തിക്കുന്നതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിക്കാനാണു സിബിഐയുടെ തീരുമാനം.
സ്വന്തം ലേഖകൻ