ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ നവജാതശിശു മരിച്ചതിനെതുടർന്ന് സംഘർഷം. ബുധനാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. തുടർന്ന് മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.
പിന്നീട് പോലീസ് സ്ഥലത്ത് എത്തിയാണ് ഇവരെ മാറ്റിയത്. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്.
പ്രസവ സമയം സൗമ്യയെ ലേബർ റൂമിലേക്ക് മാറ്റിയില്ല. വാർഡിൽ കിടന്നാണ് പ്രസവിച്ചതെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന് ആരോഗ്യ പ്രശ്നങ്ങളാൽ കുഞ്ഞിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
സൗമ്യയ്ക്ക് പ്രസവവേദന കലശലായിട്ടും ബ്ലീഡിംഗ് തുടങ്ങിയിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞു നോക്കിയില്ല. മൂത്രത്തിലെ പഴുപ്പാണ് ബ്ലീഡിംഗിനു കാരണമെന്നും, വേദനയ്ക്കു കാരണം ഗ്യാസാണെന്നും പറഞ്ഞ് ഡോക്ടർമാർ അവഗണിച്ചു.
ഒടുവില്‍ വേദനയെല്ലാം സഹിച്ച് സൗമ്യ കുഞ്ഞിനെ വാര്‍ഡില്‍ തന്നെ പ്രസവിച്ചു. അപ്പോഴേക്കും കുഞ്ഞ് രക്തം കുടിച്ച് സകല അവയവങ്ങളിലും രക്തമെത്തിയിരുന്നെന്നും, തുടർന്നുള്ള അണുബാധ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ചികിത്സയിലിരുന്ന കുഞ്ഞ് ഇന്നലെ രാത്രിയാണ് മരിച്ചത്. രാവിലെ പത്തിന് കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടത്തുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.