കുളിപ്പിക്കുന്നതിനിടെ ബക്കറ്റില് വീണ് പിഞ്ച്കുഞ്ഞിന് ദാരുണാന്ത്യം. നാലും ആറും വയസ്സുള്ള സഹോദരിമാര് കുളിപ്പിക്കുന്നതിനിടെയാണ് കുഞ്ഞ് ബക്കറ്റില്വീണതെന്നും തുടര്ന്ന് മരണം സംഭവിച്ചെന്നുമാണ് പോലീസിന്റെ കണ്ടെത്തല്.
സംഭവത്തില് ഭിക്ഷക്കാരിയെ ഉള്പ്പെടെയുള്ളവരെ സംശയിച്ചിരുന്നെങ്കിലും കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റു ദുരൂഹതകളില്ലെന്നും സഹോദരിമാര് എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് മധ്യപ്രദേശിലെ നര്മദാപുരം ജില്ലയിലെ ശോഭാപുര് ഗ്രാമത്തില് കുഞ്ഞിനെ ബക്കറ്റില് മരിച്ചനിലയില് കണ്ടെത്തിയത്.
കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കള് ഏറെനേരം തിരച്ചില് നടത്തിയിരുന്നു. തുടര്ന്ന് പോലീസിലും വിവരമറിയിച്ചു.
സംഭവദിവസം ഒരു ഭിക്ഷക്കാരി വീട്ടില് എത്തിയിരുന്നു. അതിനാല് ഇവര് കുഞ്ഞിനെ എടുത്തുകൊണ്ടുപോയോ എന്നതായിരുന്നു വീട്ടുകാരുടെ സംശയം.
എന്നാല് ഇതിനിടെയാണ് വീട്ടിലെ കുളിമുറിയിലെ ബക്കറ്റില് കുഞ്ഞിനെ മരിച്ചനിലയില് കണ്ടത്.
കുഞ്ഞിന്റെ മരണത്തില് ദുരൂഹതയുണ്ടെന്ന ആരോപണമുയര്ന്നതോടെയാണ് പോലീസ് വിശദമായി അന്വേഷണം നടത്തിയത്.
ഇതിന്റെഭാഗമായി നാലും ആറും വയസ്സുള്ള സഹോദരിമാരില്നിന്നും പോലീസ് വിവരങ്ങള് ചോദിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് സഹോദരിമാരുടെ കൈയില്നിന്നാണ് കുഞ്ഞിന് അപകടം സംഭവിച്ചതെന്ന് വ്യക്തമായത്.
സംഭവദിവസം നാലും ആറും വയസ്സുള്ള സഹോദരിമാര് തങ്ങളുടെ ടെഡ്ഡി ബിയറും എടുത്താണ് കളിച്ചിരുന്നത്. തുടര്ന്ന് ഇരുവരും ‘ടെഡ്ഡി ബിയറി’നെ കുളിപ്പിക്കുകയും ഉണക്കാന് വെയ്ക്കുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് രണ്ടുമാസം പ്രായമുള്ള സഹോദരിയെയും ഇതുപോലെ കുളിപ്പിക്കാമെന്ന് ഇവര്ക്ക് തോന്നിയത്. തുടര്ന്ന് കുഞ്ഞിനെയും എടുത്ത് കുളിമുറിയില് വരികയായിരുന്നു.
വലിയ ബക്കറ്റിന്റെ അരികില് ഇരുത്തിയാണ് ഇരുവരും കുഞ്ഞിനെ കുളിപ്പിച്ചത്. ഇതിനിടെ കൈയില്നിന്ന് വഴുതി കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
പരിഭ്രാന്തരായ സഹോദരിമാര് കുഞ്ഞിനെ പുറത്തെടുക്കാന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ ബക്കറ്റ് അടച്ച് ഇരുവരും പുറത്തേക്ക് പോവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.