കൊച്ചി: മൂന്നു ദിവസം പ്രായമായ ചോരക്കുഞ്ഞിനെ പള്ളിക്കകത്ത് ഉപേക്ഷിച്ചതു മാതാപിതാക്കൾ, സംഭവത്തിൽ കുഞ്ഞിന്റെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തു. മാതാപിതാക്കൾ തൃശൂർ വടക്കാഞ്ചേരി സ്വദേശികളാണെന്നും വീട്ടിൽനിന്നുമാണു പിതാവിനെ അറസ്റ്റുചെയ്തതെന്നും എളമക്കര പോലീസ് പറഞ്ഞു.
മാതാവിനെ കണ്ടെത്തിയെങ്കിലും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. ബന്ധുക്കൾക്കൊപ്പം സ്റ്റേഷനിൽ ഹാജരാകാൻ ഇവരോട് ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള കാരണമെന്തെന്നു ചോദ്യം ചെയ്യലിനുശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കൂവെന്നാണു പോലീസ് പറയുന്നത്.
കുഞ്ഞിനെ ഉപേക്ഷിക്കാൻ മാത്രമായാണ് ഇരുവരും കൊച്ചിയിലെത്തിയതെന്നും ഇതിനുശേഷം തൃശൂർക്കു മടങ്ങുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. മൂന്നു ദിവസം പ്രായമുള്ള പെണ്കുഞ്ഞിനെയാണു തീർഥാടനകേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇന്നലെ രാത്രി എട്ടോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദന്പതികളുടെ നാലാമത്തെ കുഞ്ഞാണിതെന്നാണു ലഭിക്കുന്ന വിവരം.
മൂന്നു കുട്ടികളെ വളർത്തുന്നതു വളരെ ക്ലേശിച്ചാണെന്നും അതിനാൽ നാലാമത്തെ കുട്ടിയെ ഉപേക്ഷിക്കാൻ ഇരുവരും തീരുമാനിക്കുകയുമായിരുന്നെന്നുമാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. എന്നാൽ, പിതാവിനെ പോലീസ് സ്റ്റേഷനിലെത്തിച്ചു നടത്തുന്ന ചോദ്യം ചെയ്യലിനുശേഷം മാത്രമേ ഇതുസംബന്ധിച്ച് വ്യക്തതയുണ്ടാകൂവെന്നും അധികൃതർ പറഞ്ഞു.
പള്ളിയിലെ കുന്പസാരക്കൂടുകളുടെ സമീപത്തായാണു കുഞ്ഞിനെ കണ്ടെത്തിയിരുന്നത്. യുവതിക്കൊപ്പമെത്തിയ 35 വയസു പ്രായം തോന്നിക്കുന്ന യുവാവാണു കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നതെന്നു സിസിടിവി കാമറയിൽനിന്നു വ്യക്തമായിരുന്നു. ഇരുവരും പള്ളിയുടെ താഴെയുള്ള സെമിത്തേരിയുടെ ഭാഗത്തെത്തുന്നതും അവിടുന്നു യുവാവ് കുഞ്ഞുമായി സമീപത്തെ കുന്പസാരക്കൂടുകൾക്കു സമീപത്തേക്കു നീങ്ങുന്നതും കാമറയിൽ പതിഞ്ഞിരുന്നു.
കുഞ്ഞിനു മുത്തം നൽകിയശേഷം കുന്പസാര കൂടുകൾക്കു സമീപം കുഞ്ഞിനെവച്ചശേഷം യുവതിക്കൊപ്പം ഇയാൾ മടങ്ങുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ എളമക്കര പോലീസ് ഉടൻ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും തൃശൂർ ഭാഗത്തേയ്ക്കു പോയതായി തിരിച്ചറിഞ്ഞു. തുടർന്നു നടത്തിയ വ്യാപക പരിശോധനയിലാണ് പിതാവിനെ തൃശൂരിൽനിന്നും പിടികൂടിയത്.
ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പരിചരണത്തിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.