ന്യൂഡൽഹി: നാലാമതും ജനിച്ചത് പെണ്കുഞ്ഞാണെന്നറിഞ്ഞ് വീട്ടുകാരുടെ കുറ്റപ്പെടുത്തൽ സഹിക്കാൻ കഴിയാതെ യുവതി ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്നു. ഡൽഹിയിലെ ദ്വാരകയിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി വീടിന്റെ ടെറസിലേക്ക് എറിയുകയായിരുന്നു.
സംഭവത്തിൽ 28 കാരിയായ ശിവാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് മുന്‍പ് ഇവരുടെ രണ്ട് മക്കൾ അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ആറ് ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന വിവരം പോലീസിനു ലഭിക്കുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം വീടിന്റെ ടെറസിൽനിന്നു കണ്ടെടുക്കുകയായിരുന്നു.
സംഭവം നടക്കുന്ന ദിവസമാണ് ആശുപത്രിയിൽനിന്ന് കുഞ്ഞിനേയുംകൊണ്ട് ശിവാനി വീട്ടിലെത്തിയത്. പുലർച്ചെ കുഞ്ഞിന് പാൽ കൊടുത്ത ശേഷം തന്നോടൊപ്പം കിടത്തിയെന്നും പിന്നീട് രാവിലെ നോക്കുന്പോൾ കാണാനില്ലെന്നുമായിരുന്നു ശിവാനി പോലീസിനോടു പറഞ്ഞത്.
തുടർന്ന് സമീപത്തെ സിസിടിവി പരിശോധിച്ച പോലീസിന് കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. എന്നാൽ, ശിവാനിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ പോലീസ് കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ താൻ തന്നെയാണ് കൊന്നതെന്ന് സമ്മതിച്ചത്. നാലാമതും പെണ്‍കുഞ്ഞ് ജനിച്ചപ്പോൾ വീട്ടുകാർ അവളേഹിച്ചെന്നും ഇത് സഹിക്കാൻ കഴിയാതെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമാണ് അവർ പോലീസിനു നൽകിയ മൊഴി.