കൽപ്പറ്റ: പശ്ചിമഘട്ടത്തിൽ മൂന്നു സസ്യ ഇനങ്ങൾ കൂടി ഗവേഷകർ കണ്ടെത്തി.ബൊട്ടാണിക്കൽ സേർവ ഓഫ് ഇന്ത്യയിലെ ഗവേഷകരായ ഡോ.കെ.എ. സുജന, രാകേഷ് ജി. വാധ്യാർ എന്നീ മലയാളികളടങ്ങുന്ന സംഘമാണ് പുതിയ സസ്യങ്ങൾ കണ്ടെത്തിയത്.
രണ്ടു വർഷമായി സംഘം പശ്ചിമഘട്ടത്തിലെ സസ്യജാതികളെക്കുറിച്ചുള്ള ഗവേഷണത്തിലാണ്. യൂജിനിയ സ്ഫിയറോകാർപ, ഗോണിയോതലാമസ് സെരിസിയസ്, മെമിസെയ്ലോണ് നെർവോസം എന്നിങ്ങനെയാണ് പുതിയ സസ്യങ്ങൾക്കു പേരിട്ടത്.
യൂജിനിയ സ്ഫിയറോകാർപ എന്ന ചെടി മിർട്ടേസിയ എന്ന സസ്യകുടുംബത്തിൽപ്പെട്ടതാണ്. വലിയ മഞ്ഞനിറത്തിലുള്ള കായ്കൾ ഉള്ളതുകൊണ്ടാണ് ചെടിക്കു സ്ഫിയറോകാർപ എന്നു പേരിട്ടത്. മലബാർ വന്യജീവി സങ്കേതത്തിൽ സമുദ്രനിരപ്പിൽനിന്നു 800 മീറ്റർ ഉയരത്തിലുള്ള പ്രദേശത്താണ് ചെടി കണ്ടെത്തിയത്.
മിർട്ടേസിയ എന്ന സസ്യകുടുംബം അനേകം ഇനം ചെടികൾ അടങ്ങിയ അതിവിപുലമായ ഒന്നാണ്. ഇതിൽ 26 ഇനങ്ങളാണ് ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയത്. 19 ഇനം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്. മിർട്ടേസിയ കുടുംബത്തിലെ പലയിനം ചെടികളുടെയും കായ്കൾ ഭക്ഷ്യയോഗ്യമാണ്. ചിലയിനങ്ങൾ കൃഷിചെയ്യുന്നുണ്ട്.
ആത്തച്ചക്കയുടെ കുടുംബത്തിൽപ്പെട്ടതാണ് ഗോണിയോതലാമസ് സെരിസിയസ്. പശ്ചിമഘട്ടത്തിലെ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ സമുദ്രനിരപ്പിൽനിന്നു 1,400 മീറ്റർ ഉയരത്തിലുള്ള പ്രദേശത്താണ് ഈ ഇനം ചെടിയുടെ കൂട്ടം ഗവേഷകർക്ക് കണ്ടെത്താനായത്. സുഗന്ധമുള്ള പൂക്കൾ ഈ ഇനത്തിന്റെ പ്രത്യേകതയാണ്.
ചെടിയിൽ വലിപ്പമുള്ള കായ്കളും ഉണ്ടാകുന്നുണ്ട്.ഇതളുകളിലെ നീളമുള്ള രോമങ്ങളും ചെടിയുടെ സവിശേഷതയാണ് കായാന്പൂവിന്റെ കുടുംബമായ മേലാസ്റ്റമറ്റസിയയിൽ ഉൾപ്പെടുന്നതാണ് മെമിസിലോണ് നെർവോസം. കന്യാകുമാരി വന്യജീവി സങ്കേതത്തിൽ സമുദ്രനിരപ്പിൽനിന്നു 700 മീറ്റർ ഉയത്തിലാണ് ഈയിനം ചെടികൾ ഉള്ളത്.
350ലധികം ഇനങ്ങൾ ഉള്ള ഈ കുടുംബത്തിലെ 54 ഇനങ്ങളാണ് ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയത്. ചെടിയുടെ പൂക്കൾ വളരെ സുന്ദരമാണ്. ഇലകളിലെ വ്യത്യസ്തമായ ഞരന്പുകളാണ് ചെടിയെ നെർവോസം എന്നു നാമകരണം ചെയ്യാൻ കാരണമായത്.
കണ്ടെത്തിയ പുതിയ ഇനം സസ്യങ്ങളെക്കുറിച്ചു കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നു ഗവേഷക ഡോ.കെ.എ. സുജന പറഞ്ഞു. ഈ ചെടികൾ ഐയുസിഎൻ നിയമാവലികൾ അനുസരിച്ചു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നവയാണെന്നു രാകേഷ് ജി. വാധ്യാർ പറഞ്ഞു. അനേകം സസ്യങ്ങൾ ഇനിയും കണ്ടെത്തപ്പെടാതെ പശ്ചിമഘട്ടത്തിൽ അവശേഷിച്ചുണ്ടാകുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.