കൊല്ലം :തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനും പുനലൂര്‍ – കന്യാകുമാരി ട്രെയിനും കൂടുതല്‍ പുതിയ കോച്ചുകള്‍ അനുവദിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കടിയെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചു.
പുനലൂര്‍- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിന്‍ തിരുനെല്‍വേലി വരെ നീട്ടിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ ട്രെയിനില്‍ എല്ലാ സ്റ്റേഷനില്‍ നിന്നും യാത്രക്കാര്‍ നിറഞ്ഞാണ് സര്‍വീസ് നടത്തുന്നത്. കോച്ചുകളുടെ എണ്ണം കുറവായതിനാല്‍ ഈ സെക്ടറിലെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും എം.പി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
രാവിലെ പുനലൂരില്‍ നിന്നും തിരുവനന്തപുരം വഴി കന്യാകുമാരിക്ക് പോകുന്ന പുനലൂര്‍- കന്യാകുമാരി ട്രെയിനിലും യാത്രക്കാര്‍ തിങ്ങി നിറഞ്ഞാണ് യാത്ര ചെയ്യുന്നത്. സ്ക്കൂള്, കോളേജ് വിദ്യാര്‍ത്ഥികളും ഉദ്ദ്യോഗസ്ഥരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് പോകുന്ന യാത്രക്കാരും കോച്ചുകളുടെ അപര്യാപ്ത മൂലം നിന്ന് യാത്ര ചെയ്യേണ്ട സാഹചര്യത്തിലാണ്.
ഇതിന് പരിഹാരം കാണുന്നതിന് ഈ ട്രെയിനില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. കൊല്ലം- ചെങ്കോട്ട പാതയില്‍ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളായ ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ കൊല്ലം- എഗ്മോര്‍ ട്രെയിനും കുര സ്റ്റേഷനില്‍ പുനലൂര്‍ – കന്യാകുമാരി ട്രെയിനും സ്റ്റോപ്പ് അനുവദിക്കണമെന്നും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ എം.പി ആവശ്യപ്പെട്ടു.
എം.പി ശ്രദ്ധയില്‍ കൊണ്ടു വന്ന കാര്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.