മഞ്ചേരി: രാജ്യത്ത് ആദ്യമായി 900 രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ജൈനമത വിഭാഗക്കാരുടെ ഇരുപത്തിരണ്ടാമത് നേതാവായ ഭഗവാൻ പാർശ്വനാഥിന്റെ സ്മരണയ്ക്കായുള്ള പുതിയ നാണയം കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര ധനന്ത്രി പുറത്തിറക്കിയത്.
മുംബൈ നാണയ നിർമാണശാലയിൽ നിന്ന് പുറത്തിറക്കിയ 900 രൂപയുടെ നാണയം പൂർണമായും വെള്ളിയിലാണ് നിർമിച്ചിരിക്കുന്നത്. 44 മില്ലിമീറ്റർ വ്യാസവും 40 ഗ്രാം തൂക്കവുമുണ്ട്.
കൊമെമ്മോറിയൽ വിഭാഗത്തിൽ പുറത്തിറക്കിയിട്ടുള്ള നാണയം പൊതുവിപണിയിലിലേക്ക് ഇറക്കിയിട്ടില്ല. നേരത്തെ ഓണ്‍ലൈനായി ബുക്ക് ചെയ്തവർക്കു മാത്രമേ നാണയം ലഭിക്കുകയുള്ളൂ. നാണയ പ്രേമികൾക്ക് തങ്ങളുടെ ശേഖരത്തിലേക്കു മുതൽക്കൂട്ടാനുള്ള ഈ സ്മരണിക നാണയത്തിന്റെ വില 7000 രൂപയാണ്.
പൂർണമായും വെള്ളിയിൽ തീർത്ത നാണയം മുന്‍പും റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. രാജ്യസഭയുടെ 250 -ാം സെഷന്റെ ഓർമക്കായി 2019ൽ 250 രൂപയുടെ നാണയമാണ് വെള്ളിയിൽ മുംബൈ നാണയ നിർമാണ ശാലയിൽനിന്ന് പുറത്തിറക്കിയത്.
മാത്രല്ല വിവിധ വിശേഷ അവസരങ്ങളിലായി 100, 125, 150 , 175, 200, 350, 400, 500, 1000, 90 തുടങ്ങിയ നിരവധി നാണയങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നെങ്കിലും ആദ്യമായാണ് തൊള്ളായിരം രൂപയുടെ നാണയം പുറത്തിറക്കിയിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ തൃപ്പനച്ചി എയുപി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനും പുരാവസ്തു സൂക്ഷിപ്പുകാരനുമായ എം.സി. അബ്ദുൾഅലിയുടെ കൈവശം ഈ നാണയമെത്തിയിട്ടുണ്ട്.