കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ മലബാര്‍ ഓപ്പറേഷന് ഇനി കോഴിക്കോട് നിന്ന് നിയന്ത്രിക്കും. കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളാക്കി തിരിച്ചതിന്റെ ഭാഗമായി നോര്ത്ത്സോണിന്റെ പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട് കേന്ദ്രീകരിച്ച് നടപ്പാക്കുന്നത്.
ഉത്തരമേഖലാ ഓഫീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒൻപതിന് വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും. കെഎസ്ആര്‍ടിസി കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. ഉത്തരമേഖലയ്ക്ക് കീഴില്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണുള്ളത്.
മൂന്നു സോണുകളില്‍ ഏറ്റവും കൂടുതല്‍ ജില്ലകളുള്ളത് നോര്‍ത്ത് സോണിനു കീഴിലാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലുണ്ട്.
കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്നു സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയെ മൂന്നായി തിരിച്ചത്. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെ മൂന്നു മേഖലകളാകുന്നതോടെ സോണല്‍ ഓഫിസര്‍മാര്‍ക്കായിരിക്കും സോണുകളുടെ പൂര്‍ണ ചുമതല.
ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ തസ്തികയും ഇനി ഉണ്ടാകില്ല. ഓരോ മാസവും കൈവരിക്കേണ്ട ലക്ഷ്യത്തെ സംബന്ധിച്ച് സോണല്‍ ഓഫിസര്‍ ഓരോ യൂണിറ്റിനും നിര്‍ദേശം നല്‍കണം. ജീവനക്കാരെ സ്ഥലംമാറ്റുന്നതിനുള്ള അധികാരവും ഓരോ സോണിന്റെയും ചുമതലക്കാരനായിരിക്കും.
അച്ചടക്കനടപടികള്‍, അതാതു യൂണിറ്റുകളിലെ പരിശോധന തുടങ്ങിയവയുടെ ഉത്തരവാദിത്തം സോണല്‍ ഓഫിസർക്കായിരിക്കും. മേല്‍നോട്ട സ്ഥാനം ഉള്ളവര്‍ യൂണിയനുകളുടെ ഭാരവാഹി സ്ഥാനം വഹിക്കരുതെന്നും നിര്‍ദേശമുണ്ട്. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയരക്ടറായ സി.ഡി.രാജേന്ദ്രനാണ് നോര്‍ത്ത് സോണിന്റെ ചുമതല വഹിക്കുന്ന സോണൽ ഓഫീസർ.
നിലവിലെ സോണൽ ഓഫീസർ ജോഷിജോണ്‍ ചീഫ് ട്രാഫിക് ഓഫീസറാവും. മുൻ സോണൽ ഓഫീസർ എ.സഫറുള്ളയാണ് മെക്കാനിക്കല്‍ വിഭാഗം ചീഫ് ഓഫീസര്‍. രാജീവ് ഭരണവിഭാഗം ചീഫ് ഓഫീസറുമാണ്.