കോടിയേരിയുടെ ശത്രുസംഹാര പൂജയില്‍ വിവാദം കത്തുന്നു, കോടിയേരിക്കെതിരേ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ പടയൊരുക്കം, അണികള്‍ രണ്ടു ചേരിയിലായി സോഷ്യല്‍ മീഡിയയിലും വാഗ്വാദം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസമാണ് വന്നത്. ഇതോടെ സമ്മേളന കാലത്ത് പാര്‍ട്ടിയില്‍ വലിയൊരു വിവാദവും ഉടലെടുത്തു. സംസ്ഥാന സെക്രട്ടറിക്കെതിരേ ഇത്തരമൊരു വാര്‍ത്ത വന്നത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയുടെ തുടര്‍ച്ചയാണെന്നാണ് സൂചന. നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറി ഉണ്ടാവുകയും മന്ത്രിയെ ശാസിക്കുകയും ചെയ്തിരുന്നു.

ഡിസംബര്‍ നാലുമുതല്‍ എട്ടുവരെയായിരുന്നു പൂജനടന്നത്. കൈമുക്ക് ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. സുദര്‍ശന ഹോമം, ആവാഹന പൂജകള്‍ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖര്‍ പൂജകളില്‍ പങ്കെടുത്തെന്നാണ് സൂചന.

വീടിനു സമീപത്തെ പ്രസിദ്ധക്ഷേത്രമായ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിലെ ചിറയില്‍ അപരിചിതരായ ബ്രാഹ്മണന്മാര്‍ കുളിക്കുന്നതു കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാകര്‍മ്മങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. തൊട്ടടുത്ത വീട്ടുകാരെ താല്‍ക്കാലികമായി ഒഴിപ്പിച്ച് വൈദികര്‍ക്ക് താമസ സൗകര്യമൊരുക്കിയിരുന്നു. കഴിഞ്ഞ വര്‍ഷവും കോടിയേരിയുടെ തറവാട്ടില്‍ കുടുംബാംഗങ്ങള്‍ ദോഷങ്ങള്‍ക്ക് പരിഹാരമായി പൂജകള്‍ നടത്തിയത് വാര്‍ത്തയായിരുന്നു. തറവാട് ജോത്സ്യരുടെ നിര്‍ദ്ദേശമനുസരിച്ചാണ് പൂജ നടന്നതെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. പൂജയില്‍ പങ്കെടുക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ വീട്ടിലെത്തിയെന്നും വാര്‍ത്തയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

സിപിഎമ്മില്‍ വിശ്വാസത്തിന്റെ പേരിലുള്ള വിവാദം ഉയരുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ അഷ്ടമിരോഹിണി ദിനത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചത് സി.പി.എമ്മില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. അന്ന് മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തുകയും പിന്നീട് കാണിക്കയിട്ട് സോപാനം തൊഴുകയും ചെയ്തിരുന്നു. അന്ന് കടകംപള്ളിയെ ശാസിച്ചാണ് പാര്‍ട്ടി വിവാദം തണുപ്പിച്ചത്.

അതേസമയം, കോടിയേരിയുടെ പൂജയില്‍ അണികള്‍ രണ്ടു തട്ടിലാണ്. കോടിയേരി ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു. ഒരാളുടെ വ്യക്തിസ്വാതന്ത്രത്തില്‍ കൈകടത്തുന്നത് ശരിയല്ലെന്നാണ് ഇവര്‍ പറയുന്നത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ഗൂഡാലോചനയില്‍ അണികള്‍ പെട്ടു പോകരുതെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരണം നടക്കുന്നു. ബിജെപിയും ആര്‍എസ്എസുമാകട്ടെ കോടിയേരിയെ പ്രതിരോധത്തിലാക്കുന്ന പ്രചരണങ്ങളുമായാണ് മുന്നോട്ടു പോകുന്നത്.

Related posts