കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളിലെ പരസ്യം പുതിയ വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്.
അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ചു വച്ചതാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.
ഈ വിഷയത്തെ ന്യായീകരിച്ച് അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അത് തള്ളി പ്രസിഡന്റ് കെ സച്ചിദാനന്ദന് രംഗത്തെത്തിയതോടെ വിവാദം പുതിയ തലത്തിലെത്തിയത്.
സാഹിത്യകാരനെയും ആയാളുടെ സൃഷ്ടിയെയും അപമാനിക്കുന്ന പ്രവര്‍ത്തിയാണിതെന്നും കലയെത്തന്നെ ദുരുദ്ദേശപരമായി ആശയപ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സര്‍ക്കാരിന്റെ അല്ലാതെ മറ്റാരുടെ പരസ്യമാണ് കൊടുക്കേണ്ടതെന്നായിരുന്നു അക്കാദമി സെക്രട്ടറി സി.പി അബൂബക്കറിന്റെ പ്രതികരണം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് 30 പുസ്തകങ്ങള്‍ കേരള സാഹിത്യ അക്കാദമി ഇറക്കിയതെന്നും അതില്‍ സര്‍ക്കാരിന്റെ പരസ്യം നല്‍കിയതിനോട് ആര്‍ക്കാണ് വിമര്‍ശനമെന്നുമായിരുന്നു സെക്രട്ടറിയുടെ വിശദീകരണം.
എന്നാല്‍ സെക്രട്ടറിയുടെ ന്യായീകരണത്തെത്തള്ളി അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന് എത്തുകയായിരുന്നു. ഇക്കാര്യത്തില്‍ പരസ്യമായിത്തന്നെ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് സച്ചിദാനന്ദന്.
”കേന്ദ്ര സാഹിത്യ അക്കാദമിയില്‍ ഞാന്‍ ഭരണാധികാരി ആയി ഉണ്ടായിരുന്ന പത്തു വര്‍ഷം ഒരൊറ്റ മന്ത്രിയെയും ഒരു പരിപാടിയിലും പങ്കെടുപ്പിച്ചിട്ടില്ല. അത്തരം ഒരു ധാരണയാണ് കേരള സാഹിത്യ അക്കാദമിയെക്കുറിച്ചും എനിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇത് ഒരു സെമി- ഓട്ടോണമസ് സ്ഥാപനമാണെന്നു മനസ്സിലാക്കുന്നു. ആ വാക്കിന്റെ അര്‍ഥം അന്വേഷിക്കുകയാണ് ഞാന്‍. ഈ ലേബലിനോട് ഞാന്‍ പരസ്യമായി വിയോജിക്കുന്നു”, സച്ചിദാനന്ദന് പറഞ്ഞു.
ഈ പ്രവൃത്തിയോട് ഒരു തരത്തിലും അംഗീകരിക്കാനും യോജിക്കാനും കഴിയില്ലെന്നാണ് വിമര്‍ശകര്‍ പറഞ്ഞത്.
എഴുത്തുകാരും, സാമൂഹിക പ്രവര്‍ത്തകരുമായ നിരവധിപ്പേരാണ് അക്കാദമിയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
കല്‍പ്പറ്റ നാരായണന്, പിഎഫ് മാത്യൂസ്, ആദില്‍ മഠത്തില്‍, കരുണാകരന് തുടങ്ങി നിരവധിപ്പേരാണ് വിമര്‍ശനവുമായി എത്തിയത്.